പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം: വിദ്യാര്‍ഥിയുടെ പരാതിയില്‍ ഇടപെടാതെ മനുഷ്യാവകാശ കമീഷൻ
കൊച്ചി: മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക കസേര കത്തിച്ച വിദ്യാര്‍ഥിക്ക് തുടര്‍പഠന യോഗ്യത അനുവദിക്കാതെ നല്‍കിയ ടി.സി പിൻവലിച്ച് പഠനം പുനരാരംഭിക്കാൻ കഴിയുന്ന തരത്തില്‍ ടി.സി നല്‍കണമെന്ന ആവശ്യത്തില്‍ ഇടപെടാൻ മനുഷ്യാവകാശ കമീഷൻ വിസമ്മതിച്ചു.
പരാതിയില്‍ ഇടപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് കമീഷൻ ആക്ടിങ് ചെയര്‍പേഴ്സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
കണ്ണൂര്‍ മാമംഗലം സ്വദേശി കെ. ഹരികൃഷ്ണൻ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മഹാരാജാസ് കോളജ് പ്രിൻസിപ്പലില്‍നിന്ന് കമീഷൻ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
കസേര കത്തിച്ച സംഭവത്തില്‍ പരാതിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2017 മേയ് 16ന് ടി.സി നല്‍കി ഡിസ്മിസ് ചെയ്യുകയായിരുന്നു എം.എ പൊളിറ്റിക്കല്‍ സയൻസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഹരികൃഷ്ണന്‍റെയും കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെയും ഡിസ്മിസല്‍ ഉത്തരവ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ രജിസ്ട്രേഡ് തപാലില്‍ അയച്ചുകൊടുക്കുകയായിരുന്നു.
പരാതിക്കാരനായ ഹരികൃഷ്ണൻ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയില്ല. ഇദ്ദേഹത്തിന്റെ ടി.സിയും സ്വഭാവ സര്‍ട്ടിഫിക്കറ്റും എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഔദ്യോഗിക കസേര കത്തിക്കല്‍ സംഭവത്തില്‍ നിയമിച്ച നാല് അന്വേഷണ കമീഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും കമീഷനെ അറിയിച്ചു. തുടര്‍ന്നാണ് പരാതി തീര്‍പ്പാക്കിയത്. പ്രിൻസിപ്പല്‍ സദാചാര പൊലീസ് ചമയുന്നെന്ന് ആരോപിച്ച് പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ പ്രതികളെ പുറത്താക്കിയത്.