തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല നമ്പറുകള്‍
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം.
ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച് കാര്‍ ഓടിച്ചുവെന്നാണ് വിവരം. ഇത് അന്വേഷണം വഴിമുട്ടിക്കുന്നതിനുള്ള പ്രതികളുടെ തന്ത്രമാണ്. കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാര്‍ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്ബര്‍ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്ബറായിരുന്നു. ഈ നമ്ബര്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യഥാര്‍ത്ഥ നമ്പര്‍ കാറിന്റെ ഉടമ എടവണ്ണ സ്വദേശി ബിമല്‍ സുരേഷ് ധര്‍മ്മസങ്കടത്തിലായത്.
സ്വന്തം കാര്‍ പുറത്തിറക്കാൻ പറ്റുന്നില്ലെന്നാണ് കാര്‍ ഉടമയായ എടവണ്ണ സ്വദേശി ബിമല്‍ സുരേഷ് പ്രതികരിച്ചത്. കാറിന്റെ നമ്ബര്‍ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാര്‍ പുറത്തിറക്കിയാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും ബിമല്‍ സുരേഷ് പറയുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രി പൊലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നും മഞ്ചേരി യൂസ്‌ഡ് കാര്‍ ഷോപ്പില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നും ബിമല്‍ പറഞ്ഞു.
കെഎല്‍ 04 എഎഫ് 3239 എന്ന നമ്ബറിലുള്ള സ്വിഫ്റ്റ് കാറാണ് ബിമല്‍ സുരേഷിന്റേത്. വെള്ള നിറത്തിലുള്ളതാണ് ഈ കാര്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. എന്നാല്‍ വ്യാജ നമ്ബറായിരുന്നു ഘടിപ്പിച്ചത്. ബിമല്‍ സുരേഷിന്റെ കാര്‍ ഉപയോഗിക്കുന്നത് ഡോക്ടര്‍ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. എന്നാല്‍ നാടൊന്നാകെ തിരച്ചിലിനിറങ്ങിയ കുട്ടിക്കടത്ത് കേസില്‍ നമ്പര്‍ പ്രതിക്കൂട്ടിലായതോടെ കാര്‍ ഷെഡില്‍ കയറി. ഇതുവരെ കാര്‍ പിന്നീട് പുറത്തിറക്കിയിട്ടില്ല. പുറത്തിറക്കിയാല്‍ പ്രതികരണം എന്താകുമെന്ന് നോക്കണമെന്ന് ബിമല്‍ പ്രതികരിച്ചു.