പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം മൂലം; കാറുകള്‍ കസ്റ്റഡിയിലെടുത്തു
കൊല്ലം: ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാറിന്‍റെ മൊഴി.
പണം നല്‍കിയിട്ടും മകള്‍ക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പത്മകുമാറിനെ കുട്ടി ഫോട്ടോയില്‍നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂര്‍ സ്വദേശിയായ കെ.ആര്‍. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസില്‍ ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂവരെയും അടൂര്‍ പൊലീസ് ക്യാമ്ബിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നീലനിറത്തിലുള്ള കാര്‍ തെങ്കാശിയില്‍നിന്നും വെള്ളക്കാര്‍ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി. ആര്‍. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്ബിലെത്തി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.
ഇവരുടെ വീടിന് മുന്നില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളില്‍ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ ട്യൂഷന് പോകുമ്ബോഴായിരുന്നു സംഭവം. കാറിലെത്തിയവര്‍ പെണ്‍കുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.