ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയില്‍
ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി.
എൻഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും സേവനമനുഷ്ഠിച്ചിച്ചിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതിന് അന്വേഷണം നേരിടുന്ന മധുരയ്ക്കടുത്ത ദിണ്ടിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സുരേഷ് ബാബുവില്‍നിന്നാണ് അങ്കിത് തിവാരി കൈക്കൂലി വാങ്ങിയത്.തിവാരിയില്‍നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തതായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എ.സി) വൃത്തങ്ങള്‍ അറിയിച്ചു.
ഇയാള്‍ ജോലി ചെയ്യുന്ന മധുരയിലെ ഇ.ഡി ഓഫിസിലും ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. കഴിഞ്ഞമാസം സമാനമായ സംംഭവത്തില്‍ രാജസ്ഥാനില്‍ ഇഡി ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആവശ്യപ്പെട്ടത് ഒരുകോടി രൂപ; വിലപേശി ഒടുവില്‍ 51 ലക്ഷം
അഞ്ച് വര്‍ഷം മുമ്ബ് രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്ബാദനക്കേസാണ് സുരേഷ് ബാബു നേരിടുന്നതെന്ന് ഡി.വി.എ.സി ഓഫിസര്‍ പറഞ്ഞു. സുരേഷ് ബാബുവിനോട് രണ്ട് കോടി രൂപ കൈക്കൂലിയായി നല്‍കണമെന്ന് തിവാരി ആവശ്യപ്പെട്ടിരുന്നു. തന്നില്ലെങ്കില്‍ ഇഡി അന്വേഷണം നടത്തുമെന്നായിരുന്നു ഭീഷണി. ഇത്രയും തുക നല്‍കാനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ 51 ലക്ഷം രൂപ നല്‍കണമെന്നായി തിവാരി.
ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന ഡോക്ടര്‍ ഒരു മാസം മുമ്ബ് 20 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി 31 ലക്ഷം രൂപ കൂടി നല്‍കണമെന്ന് തിവാരി നിരന്തരം ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലൻസിന്റെ ഡിണ്ടിഗലിലെ പ്രാദേശിക യൂണിറ്റില്‍ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു.
കെണിയൊരുക്കി വിജിലൻസ്
ഡി.വി.എ.സി (ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ) കേസ് രജിസ്റ്റര്‍ ചെയ്യുകയും തിവാരിക്കായി കെണിയൊരുക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിനാഫ്തലിൻ പുരട്ടിയ 20 ലക്ഷം രൂപയുടെ കറൻസി കൈമാറുകയായിരുന്നു. ദിണ്ടിഗല്‍-മധുര ഹൈവേയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇ.ഡി ഉദ്യോഗസ്ഥന് പണം കൈമാറിയത്. പണം കൈപ്പറ്റിയതിന് ശേഷം ഇയാള്‍ കാറില്‍ കയറി പോയി. വഴിയില്‍ കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ കാര്‍ പിന്തുടരുകയും കൊടൈക്കനാല്‍ റോഡ് ടോള്‍ പ്ലാസയില്‍ വച്ച് തടഞ്ഞുനിര്‍ത്തി പണം കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.