ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങള്‍ കടലാസില്‍തന്നെ

കൊച്ചി: നാട് കണ്ട മികച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച ഒമ്ബതാണ്ട്.കാലമിത്രയായിട്ടും കൊച്ചിയില്‍ അദ്ദേഹത്തിനൊരു സ്മാരകമായില്ല.

കൃഷ്ണയ്യര്‍ താമസിച്ചിരുന്ന സദ്ഗമയ എന്ന വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് നിയമപഠന ഗവേഷണകേന്ദ്രമാക്കുമെന്ന് പ്രഖ്യാപിക്കുകയും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തെങ്കിലും പിന്നീട് എങ്ങുമെത്തിയില്ല. കൃഷ്ണയ്യരുടെ ഓര്‍മക്കായി ഹൈകോടതിയുടെ സമീപത്ത് ‘കൃഷ്ണയ്യര്‍ ചത്വരം’ എന്ന പേരില്‍ സ്മാരകം നിര്‍മിക്കുമെന്ന് കൊച്ചി കോര്‍പറേഷൻ മേയറും പ്രഖ്യാപിച്ചിരുന്നു. ഇതും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്.

എം.ജി റോഡിലാണ് അദ്ദേഹം വിശ്രമകാലത്ത് താമസിച്ച സദ്ഗമയ വീട്. നീതി തേടിയെത്തുന്ന പാവങ്ങളുടെയും അശരണരുടെയും മുന്നില്‍ ഇതിന്‍റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരുന്നു. കൃഷ്ണയ്യരുടെ സ്മാരകമായി ഈ വസതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെ ഇതിന് സര്‍ക്കാറും കുടുംബാംഗങ്ങളും പച്ചക്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് നിയമമന്ത്രി കൂടിയായ പി. രാജീവ് ഉള്‍പ്പെടെ വീട് സന്ദര്‍ശിക്കുകയും 2022-23ലെ ബജറ്റില്‍ ഒരുകോടി രൂപ മാറ്റിവെക്കുകയും ചെയ്തു. പിന്നീട്, ഇക്കഴിഞ്ഞ ഏപ്രിലില്‍ അഡീഷനല്‍ ലോ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹത്തിന്‍റെ പേരിലുള്ള ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്മെന്‍റ് ചൂണ്ടിക്കാണിക്കുന്നു.

ഇതുകൂടാതെ ഹൈകോടതി പരിസരത്ത് കൃഷ്ണയ്യരുടെ പേരിലുള്ള സ്ക്വയര്‍ ഒരുങ്ങുമെന്ന് പ്രഖ്യാപിച്ചത് മേയര്‍ എം. അനില്‍കുമാറാണ്. രൂപകല്‍പനക്കായി പ്രമുഖ ആര്‍ക്കിടെക്‌ട് കെ.ടി. രവീന്ദ്രനെ നിയോഗിക്കുകയും ചെയ്തു. തുടര്‍ നടപടികളുണ്ടായില്ല. ഹൈകോടതിയുടെ മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി മാത്രമേ നിര്‍മാണം നടത്താനാവൂ എന്നതുകൊണ്ടാണ് തല്‍ക്കാലം ഇത് വൈകുന്നതെന്ന് മേയര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹൈകോടതിയുടെ മുന്നില്‍ റോഡ് തടസ്സപ്പെടുത്തുന്നത് അപ്രായോഗികമായതിനാല്‍, മറ്റേതെങ്കിലും രീതിയിലുള്ള പദ്ധതി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷ്ണയ്യരുടെ സ്മാരകം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണയ്യര്‍ മൂവ്മെന്‍റ് മുഖ്യമന്ത്രി, റവന്യൂ, ധനകാര്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍, മേയര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.