ഭൂമിക്കു ചൂടുകൂടുന്നത് ആരോഗ്യത്തേയും ബാധിക്കും, ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന

ദുബായ്: ഭൂമിക്കു ചൂടുകൂടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളില്‍ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ.).

ആഗോളതലത്തില്‍ ഓരോവര്‍ഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന വായുമലിനീകരണം, ഛര്‍ദ്യതിസാരവും മലമ്പനിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ നേരിടുന്ന കാര്യത്തില്‍ ലോകനേതാക്കള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് സി.ഒ.പി.-28 ആഹ്വാനംചെയ്തു.

ഇത്രകാലം ഉച്ചകോടിനടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരുദിനം സി.ഒ.പി. മാറ്റിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്‌.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു. ആരോഗ്യമാണ് കാലാവസ്ഥാപ്രതിസന്ധിക്കുനേരെ പോരാടുന്നതിനുള്ള പ്രധാനകാരണമെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാചര്‍ച്ചകളില്‍ ആരോഗ്യം ഇക്കാലമത്രയും പ്രാധാന്യം നേടാത്തതില്‍ യു.എസിന്റെ പ്രതിനിധി ജോണ്‍ കെറി അതിശയം പ്രകടിപ്പിച്ചു. ഭൂമിയും വെള്ളവും വായുവും വിഷമയമാക്കമ്പോള്‍ നമ്മുടെ ശരീരംതന്നെയാണ് നാം വിഷമയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് സി.ഒ.പി.-28 പ്രഖ്യാപനം. എന്നാല്‍, ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പടിപടിയായി ഒഴിവാകുന്നതിനെപ്പറ്റി അതില്‍ പരാമര്‍ശമില്ല. പക്ഷേ, ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് 120-ഓളം രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പുറന്തള്ളുന്ന മാലിന്യത്തില്‍ അഞ്ചുശതമാനംവരും ആരോഗ്യമേഖലയിലേതെന്ന് ഗെബ്രയേസുസ് പറഞ്ഞു.

പുനരുപയോഗിക്കാവുന്ന ഊര്‍ജം: പ്രതിജ്ഞയെടുക്കാതെ ഇന്ത്യ

പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ തോത് 2030-ഓടെ മൂന്നിരട്ടിയാക്കുമെന്ന സി.ഒ.പി.-28 പ്രതിജ്ഞയില്‍ ഇന്ത്യ ഒപ്പുവെച്ചില്ല. കല്‍ക്കരി ഉപയോഗം പടിപടിയായി ഒഴിവാക്കണമെന്നുള്ളതിനാലാണ് ഇന്ത്യ ഒപ്പുവെക്കാതിരുന്നത്. കല്‍ക്കരി ഒഴിവാക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. 118 രാജ്യങ്ങള്‍ പ്രതിജ്ഞയില്‍ ഒപ്പുവെച്ചു. അതേസമയം, പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ ഇന്ത്യ ധാരണയായിട്ടുണ്ട്.