കവുങ്ങുംകുഴി പ്ലാന്‍റില്‍ മാലിന്യക്കൂമ്പാരം; കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന് നാട്ടുകാര്‍
എരുമേലി: മാലിന്യസംസ്കരണം പാളിയതോടെ കവുങ്ങുംകുഴി ജൈവമാലിന്യ സംസ്കരണ പ്ലാന്‍റില്‍ മാലിന്യക്കൂമ്ബാരമെന്ന് പ്രദേശവാസികളുടെ പരാതി.
ജൈവ – അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചുള്ള സംസ്കരണം പാളിയതോടെ പ്ലാന്‍റിന് സമീപത്ത് കുഴിയെടുത്ത് മാലിന്യങ്ങള്‍ മൂടാൻ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. മാലിന്യങ്ങള്‍ കുഴിയിലിട്ട് മൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
പ്ലാന്‍റിലും സമീപപ്രദേശങ്ങളിലും ടണ്‍കണക്കിന് മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്. ഇവ തരംതിരിച്ച് കൊണ്ടുപോകുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, തീര്‍ഥാടനകാലമായതോടെ ടണ്‍കണക്കിന് മാലിന്യങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്നതോടെ തരംതിരിക്കാനും സംസ്കരിക്കാനും കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പ്ലാന്‍റിന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും പറയുന്നു.