വയനാട് കാണാൻ കൂട്ടത്തോടെ; ഗതാഗതക്കുരുക്കിലമര്‍ന്ന് ചുരംവയനാട് കാണാൻ കൂട്ടത്തോടെ; ഗതാഗതക്കുരുക്കിലമര്‍ന്ന് ചുരം

വൈത്തിരി: പ്രളയദുരന്തത്തിനും കോവിഡിനും ശേഷമുണ്ടായ മാന്ദ്യത്തെ അതിജീവിച്ച് ഉണര്‍ന്ന ടൂറിസം മേഖലയായ ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് മുൻവര്‍ഷങ്ങളെ അപേക്ഷിച്ചു 2023ല്‍ വളരെ ഉയര്‍ന്ന നിലയില്‍.

വാരാന്ത്യങ്ങളിലും അവധിക്കാലത്തും ജില്ലയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. ഇതോടൊപ്പം തന്നെ വാഹനബാഹുല്യം മൂലമുള്ള തിരക്കും ചുരം റോഡുകളിലെ അപകടങ്ങളും വാഹനം വഴിയില്‍ നിലച്ചുപോകുന്നതും മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും നിത്യസംഭവമായി.
തെക്കു ഭാഗത്തുനിന്നും ജില്ലയിലേക്കുള്ള ഏകഗതാഗത മാര്‍ഗമായി ഉപയോഗപ്പെടുത്തുന്ന വയനാട് ചുരം റോഡിലൂടെയുള്ള സഞ്ചാരം ഏറെ ദുഷ്കരം. വര്‍ഷത്തിന്റെ എറിയഭാഗവും ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് ചുരത്തില്‍ ബ്ലോക്കിന്റെ കാലമായിരുന്നു.

വയനാട് ചുരം എന്നാല്‍ ‘ബ്ലോക്ക്’ എന്ന അര്‍ഥതലത്തിലേക്ക് സംഗതികള്‍ എത്തിയപ്പോള്‍ ഗതാഗതകുരുക്കില്‍പെട്ട് വലയാൻ തയാറാകാതെ മറ്റിടങ്ങളിലേക്ക് യാത്ര മാറ്റിയവരും ഏറെ. നാലും അഞ്ചും എട്ടും മണിക്കൂറുകള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാൻ പോലുമാകാതെ ചുരത്തില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങിയവരുടെ ദൈന്യ വാര്‍ത്തകള്‍ സ്ഥിരമായിരുന്നു.
എന്നാല്‍, ഇതിലൊന്നും അധികൃതര്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടിലായിരുന്നു. ചുരത്തിനു ബൈപാസ് ആയി നിര്‍ദേശിക്കപ്പെട്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു വേണ്ടി ആക്ഷൻ കമ്മിറ്റിയും അതോടൊപ്പം മറ്റു സംഘടനകളും പോയ വര്‍ഷത്തില്‍ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും എല്ലാം വനരോദനമായി മാറി.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന്റെ കാര്യത്തിലും ഏകദേശം ഇതേ അവസ്ഥയാണ്. സമരങ്ങളും പ്രക്ഷോഭങ്ങളും ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും പരിഹാരം ഏറെ അകലെയാണ്. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതക്കു ചില ചലനങ്ങളൊക്കെ നടക്കുന്നുണ്ടെങ്കിലും ഇത് ചുരത്തിനു ബദലാകുകയുമില്ല എന്നതിനപ്പുറം എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നും ഒരൂഹവുമില്ല.
ബദല്‍ റോഡുകള്‍ പോയിട്ട് കുടുങ്ങിപ്പോകുന്നതും അപകടത്തില്പെടുന്നതുമായ വാഹനങ്ങള്‍ മാറ്റിയിടുവാൻ ഉതകുന്ന ഒരു മുഴുവൻ സമയ ക്രെയിൻ ചുരത്തില്‍ നിര്‍ത്തിയിടുമെന്നു പ്രസ്താവനകള്‍ വന്നതല്ലാതെ ഒന്നും നടന്നില്ല. പോയ വര്‍ഷത്തില്‍ നിരവധി അപകടങ്ങളാണ് ചുരം റോഡുകളിലുണ്ടായിട്ടുണ്ട്. നിരവധി ജീവനുകളും നഷ്ടപ്പെട്ടു. പലതും അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയും അശ്രദ്ധയും മൂലമുണ്ടായതായിരുന്നു.
കേരളത്തില്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ കൂടുതലെത്തുന്നത് വയനാട്ടിലേക്കാണ്. ഇനിയും അത് വര്‍ധിക്കും. വരുമാനവും വര്‍ധിക്കും. ജില്ലയിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ പക്ഷെ, മെച്ചപ്പെടുത്താൻ ആര്‍ക്കും താല്പര്യമില്ലെന്നാണ് വാസ്തവം.
