വീണ്ടും നിയമം ലംഘിച്ച്‌ ഉല്ലാസ യാത്ര

പൊന്നാനി: അംഗീകൃത ഡ്രൈവറില്ലാതെ യാത്ര നടത്തിയതിന് ഉല്ലാസ ബോട്ട് പിടികൂടി. യാത്രക്കാരെ കുത്തിനിറച്ച്‌ സര്‍വിസ് നടത്തിയ ഉല്ലാസബോട്ട് മാരിടൈം ബോര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു.

അപകടയാത്ര നടത്തിയ ബോട്ടിലെ ഡ്രൈവര്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ല. ബോട്ടില്‍ ലാസ്‌കറുമുണ്ടായിരുന്നില്ല. നിള ടൂറിസം പാതയോടുചേര്‍ന്ന് ഭാരതപ്പുഴയില്‍ സര്‍വിസ് നടത്തുകയായിരുന്ന ‘ജലറാണി’ എന്ന ബോട്ടാണ് ചൊവ്വാഴ്ച രാത്രി അധികൃതര്‍ പിടിച്ചെടുത്തത്.

36 പേര്‍ക്ക് കയറാന്‍ അനുമതിയുള്ള ബോട്ടില്‍ 65 യാത്രക്കാരാണുണ്ടായിരുന്നത്. 38 മുതിര്‍ന്നവരും 27 കുട്ടികളും. കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഹരി അച്യുതവാരിയര്‍ക്ക് അപകടയാത്രയെകുറിച്ച്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തീരദേശ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

സൂര്യാസ്തമയത്തിനുശേഷം സര്‍വിസ് നടത്താന്‍ പാടില്ലെന്നാണ് നിയമമെങ്കിലും അതിനുശേഷവും യാത്രക്കാരെ കുത്തിനിറച്ച്‌ സര്‍വിസ് തുടരുകയായിരുന്നു. ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ലൈസന്‍സുള്ള ഡ്രൈവറില്ലാതെയും ലാസ്‌കറില്ലാതെയും സര്‍വിസ് നടത്തിയതിന് സ്രാങ്കിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സില്ലാത്ത ഡ്രൈവര്‍ ഓടിച്ച ബോട്ട് ഒരാഴ്ച മുമ്ബ് അധികൃതര്‍ പിടിച്ചെടുത്ത് ബോട്ടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.