മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ; പത്തി വിടര്‍ത്തി ചീറ്റിയ മൂര്‍ഖനെ പ്രതിരോധിച്ച് കീരികള്‍ – വിഡിയോ
ചങ്ങനാശ്ശേരി: മൂന്നു ദിവസങ്ങളായി മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ. പത്തി വിടര്‍ത്തി ചീറ്റി ഭീതി പരത്തിയ കരിമൂര്‍ഖനെ കീരികള്‍ പ്രതിരോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനു സമീപം മലേക്കുന്ന് ഭാഗത്ത് പറക്കവെട്ടി നജീബിന്റെ പുരയിടത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കരിമൂര്‍ഖനെ കണ്ടത്. രണ്ട് കീരികള്‍ക്ക് നേരെ ചീറ്റി ശബ്ദമുണ്ടാക്കുകയായിരുന്ന മൂര്‍ഖനെ വഴിയാത്രക്കാരായിരുന്നു കണ്ടത്.
പത്തിവിടര്‍ത്തി ഉയര്‍ന്നു പൊങ്ങിയ കരിമൂര്‍ഖനു മുമ്ബിലൂടെ ചുറ്റിനടന്ന കീരിക്കു നേരെ വലിയ ശബ്ദത്തിലാണ് മൂര്‍ഖൻ ചീറ്റിയത്. ഇത് കണ്ട് വീട്ടുകാരും നാട്ടുകാരും തടിച്ചു കൂടി. ഇവര്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും മൂര്‍ഖൻ കീരികളേ പേടിച്ച് സമീപത്തുണ്ടായിരുന്ന പുരയിടത്തിലെ മാളത്തില്‍ ഒളിച്ചു.
ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും നാട്ടുകാരു വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മൂര്‍ഖനെ കണ്ടെത്താനായില്ല. പിന്നീട് ചൊവാഴ്ച കുളത്തില്‍പറമ്ബില്‍ ഹാഷിമിന്റെയും ഹാരീഷിൻ്റെയും വീടിനോട് ചേര്‍ന്ന് രാത്രി പത്തു മണിയോടെ വീണ്ടും മൂര്‍ഖനെ കണ്ടു. ഇതോടെ മൂര്‍ഖൻ ഒളിച്ച സ്ഥലത്തെ കുഴിക്ക് സമീപം നാട്ടുകാര്‍ വലയിടയുകയും രാത്രി മുഴുവൻ കാവല്‍ ഇരിക്കുകയും ചെയ്തു
സമീപ പ്രദേശത്തെ കാടു കയറിയ ചുറ്റുപാടുകള്‍ ജെ.സി.ബി ഉപയോഗിച്ച് തെളിക്കുന്ന പ്രവര്‍ത്തിയില്‍ ആണ് നാട്ടുകാര്‍. മൂര്‍ഖൻ്റെയും കീരികളുടെയും വിഡിയോ പ്രചരിച്ചതോടെ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലില്‍ ആണ്. ഇതുവരെ പാമ്ബിനെ കണ്ടെത്താനായിട്ടില്ല. സമീപകാലത്ത് പ്രദേശത്ത് കൂടുതലായി കീരികളെ കാണുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.