എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി പരീക്ഷകള്‍ സാമ്ബത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി സ്കൂള്‍ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു.കഴിഞ്ഞ വര്‍ഷം പരീക്ഷ നടത്തിയ ഇനത്തില്‍ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നല്‍കാത്തതിനാല്‍ സ്റ്റേഷനറി വകുപ്പില്‍നിന്ന് പേപ്പര്‍ ലഭിക്കാതെ ഉത്തരക്കടലാസ് ബുക്ക്ലെറ്റ് അച്ചടിയും മന്ദഗതിയിലായി.

അടിയന്തരമായി പണം ലഭിച്ചില്ലെങ്കില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകളെ ബാധിക്കുമെന്ന് കൊല്ലത്ത് സ്കൂള്‍ കലോത്സവത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ പരീക്ഷ അവലോകന യോഗത്തില്‍ പരീക്ഷ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി സംസാരിച്ച്‌ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് മന്ത്രി മറുപടി നല്‍കി.

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പ് ഇനത്തില്‍ 12 കോടിയും ഹയര്‍സെക്കൻഡറിക്ക് 21 കോടിയും വി.എച്ച്‌.എസ്.ഇക്ക് 11 കോടി രൂപയുമാണ് കുടിശ്ശിക. എസ്.എസ്.എല്‍.സി കുടിശ്ശികയില്‍ ഒമ്ബതു കോടി ഐടി പരീക്ഷാനടത്തിപ്പിലെ ചെലവാണ്. ഹയര്‍സെക്കൻഡറിയുടേത് ഉള്‍പ്പെടെ അവശേഷിക്കുന്ന തുകയില്‍ 90 ശതമാനവും അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിന് നല്‍കാനുള്ള പ്രതിഫലവുമാണ്.

പണം ലഭിക്കാതെ വന്നതോടെ ഉത്തരക്കടലാസ് അച്ചടിക്കുള്ള പേപ്പര്‍ സ്റ്റേഷനറി വകുപ്പിന് സമയബന്ധിതമായി വാങ്ങിനല്‍കാൻ കഴിയുന്നില്ല. ഇതോടെ അച്ചടി മന്ദഗതിയിലായി. ഇതിനകം പൂര്‍ത്തിയാകേണ്ട ഉത്തരക്കടലാസ് വിതരണം 41 ഡി.ഇ.ഒകളില്‍ 22 എണ്ണത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷക്കായി 28 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 20 കോടിയാണ് നീക്കിവെച്ചത്. ഇതില്‍ അനുവദിച്ചതാകട്ടെ, 17 കോടിയും. ഹയര്‍സെക്കൻഡറി പരീക്ഷ മാര്‍ച്ച്‌ ഒന്നിനും എസ്.എസ്.എല്‍.സി മാര്‍ച്ച്‌ നാലിനും തുടങ്ങാനിരിക്കുകയാണ്. പ്രതിസന്ധികണക്കിലെടുത്ത് വൈകാതെ വീണ്ടും മന്ത്രിതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് തീരുമാനം.

പി.ഡി അക്കൗണ്ടിലെ പണം ചെലവഴിക്കാനും അനുമതിയില്ല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാനടത്തിപ്പിലെ കുടിശ്ശിക തുക കൊടുത്തുതീര്‍ക്കാൻ സ്കൂളുകളുടെ പി.ഡി അക്കൗണ്ടില്‍നിന്ന് തുക ചെലവഴിക്കാനുള്ള നിര്‍ദേശത്തിനും ധനവകുപ്പിന്‍റെ അനുമതിയില്ല.

12 കോടി രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് തുക ലഭിക്കുമ്ബോള്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ പി.ഡി അക്കൗണ്ടില്‍നിന്ന് ചെലവഴിക്കാൻ സ്കൂളുകള്‍ അനുമതി തേടിയത്. നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന്‍റെ അനുമതിക്ക് അയച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.