ഈ അഞ്ച് പച്ചക്കറികള്‍ തൊലി കളയാതെ കഴിക്കൂ; ഗുണമിതാണ്…

പച്ചക്കറികള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. പച്ചക്കറികളില്‍ നിരവധി പ്രധാനപ്പെട്ട പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

അത് ആരോഗ്യകരമായ ശരീരം നിലനിര്‍ത്താൻ നമ്മെ സഹായിക്കുന്നു. പച്ചക്കറികള്‍ കഴിക്കും മുമ്ബ് അവയുടെ തൊലി നാം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ചില പച്ചക്കറികള്‍‌ തൊലി കളയാതെ കഴിക്കുന്നത് അവയുടെ പോഷകഗുണങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. ആപ്പിള്‍, കിവി, പീച്ച്‌, പിയര്‍, പ്ലം മുതലായ പഴങ്ങളും തൊലി കളയാതെ കഴിക്കാവുന്നതാണ്.

തൊലി കളയാതെ തന്നെ ഉപയോഗിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം..

ഒന്ന്…

ക്യാരറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ക്യാരറ്റിന്‍റെ തൊലി. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഇത്തരം പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.

രണ്ട്…

ഉരുളക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ തൊലിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ഉരുളക്കിഴങ്ങിന്‍റെ തൊലിയില്‍ ഉണ്ട്. അതിനാല്‍ ഇവ തൊലി കളയാതെ തന്നെ പാചകത്തിനായി ഉപയോഗിക്കാം.

മൂന്ന്…

വഴുതനങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാസുനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റിന്റെ സമ്ബന്നമായ ഉറവിടമാണ് വഴുതനങ്ങയുടെ തൊലി. കൂടാതെ ഇവയിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വഴുതനങ്ങയും തൊലി കളയാതെ തന്നെ കഴിക്കാം.

നാല്…

തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയുടെ തൊലിയും കഴിക്കാവുന്നതാണ്.

അഞ്ച്…

വെള്ളരിക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുക്കുമ്ബറിന്റെ തൊലിയില്‍ വിറ്റാമിനുകളും ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ തന്നെ കഴിക്കാം. ദഹനം മെച്ചപ്പെടുത്താനും കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.