ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങ്
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോട്ടെടുപ്പ് ആരംഭിക്കാനായിട്ടില്ല. മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. ആളുകൾ ആറടി അകലം പാലിച്ചാണ് നിൽക്കുന്നത്.
ആലപ്പുഴ ജില്ലയിലെ വിവിധ ബൂത്തുകളിൽ യന്ത്രങ്ങൾ തകരാറിലായി. പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ യന്ത്രം പണിമുടക്കി. ആലപ്പുഴ സിവ്യൂ വാർഡിൽ ഒരു ബൂത്തിലെ ഇ.വി.എം തകരാർ പരിഹരിക്കുകയാണ്. നൂറനാട് പാലമേൾ മൂന്നാം വാർഡിലും തകരാർ സംഭവിച്ചു. പുലിയൂർ പഞ്ചായത്തിൽ 13 യന്ത്രങ്ങളാണ് പണിമുടക്കിയത്. മരാരിക്കുളം തെക്ക് 84ൽ വാർഡ് ആറിൽ അരമണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു.
ആലപ്പുഴ നഗരസഭ പാലസ് വാർഡിലെ സി.എം.എസ്.എൽ.പി സ്കൂളിലെ ബൂത്തിൽ ചീഫ് ഏജൻറിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറിനെയാണ് പുറത്താക്കിയത്. ബൂത്തിൽ വോട്ട് ക്യാൻവാസിന് ശ്രമിച്ചു എന്ന് മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.