തിരുവനന്തപുരം: കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര നിലവവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ‘കൊച്ചിൻ സ്പോർട്സ് സിറ്റി’ തയാറാകുന്നത്.
2000 കോടി ചെലവുവരുന്ന പദ്ധതിരേഖ കാര്യവട്ടത്ത് നടന്ന ആഗോള കായിക ഉച്ചകോടിയുടെ ഉദ്ഘാടനവേദിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പുറമെ, ഇൻഡോർ, ഔട്ട്ഡോർ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി ആൻഡ് റിസർച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് തുടങ്ങിയ സംവിധാനങ്ങളും കൊച്ചിൻ സ്പോർട്സ് സിറ്റിയിലുണ്ടാകും.
സ്റ്റേഡിയം പൂർത്തിയാകുന്നതോടെ രാജ്യത്തെ ആദ്യത്തെ കാർബണ്‍ ന്യൂട്രല്‍ സ്പോർട്സ് സിറ്റിയായി കൊച്ചി മാറും. കൊച്ചിൻ സ്പോർട്സ് സിറ്റിക്ക് പുറമെ, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ടുകളും കെ.സി.എ നിർമിക്കും. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം 33 വർഷത്തേക്ക് ഏറ്റെടുക്കാനുള്ള താല്പര്യവും കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.