22ാം വയസില്‍ ആദ്യ ശ്രമത്തില്‍ ഐ.എ.എസ്; അതും കോച്ചിങ് ക്ലാസില്‍ പോകാതെ; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന രഹസ്യം അറിയാം
സിവില്‍ സർവീസ് എന്ന കടമ്ബ കടക്കാൻ ഒരൊറ്റ ദിവസത്തെയോ മാസത്തേയോ തയാറെടുപ്പല്ല, വർഷങ്ങളുടെ കഠിന തപസ്യ തന്നെ വേണം.
സിവില്‍ സർവീസില്‍ ഉന്നത റാങ്കുകള്‍ നേടിയവരുടെ പഠന രീതികളും ജീവിതവും പലർക്കും വഴിവിളക്കാണ്. എത്രതന്നെ തയാറെടുത്താലും വളരെ ചുരുക്കം പേർക്ക് മാത്രമേ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സർവീസ് ലഭിക്കാറുള്ളൂ. അത്തരത്തില്‍ സിവില്‍ സർവീസിന് തയാറെടുക്കുന്നവർക്ക് പ്രചോദനമാണ് ചന്ദ്രജ്യോതി സിങ്ങിന്റെ ജീവിതം.
ആദ്യശ്രമത്തില്‍തന്നെ ഐ.എ.എസ് സ്വന്തമാക്കിയ മിടുക്കി. പഞ്ചാബിലെ സൈനിക കുടുംബത്തിലാണ് ചന്ദ്രജ്യോതി സിങ് ജനിച്ചത്. റിട്ട. സൈനിക ഓഫിസർ കേണല്‍ ദല്‍ബാറ സിങ്, ലഫ്. കേണല്‍ മീൻ സിങ് ദമ്ബതികളുടെ മകളാണ് ചന്ദ്ര. സൈനിക കുടുംബമായതിനാല്‍ വളരെ ചിട്ടയാർന്ന ജീവിത രീതിയായിരുന്നു കുട്ടിക്കാലം മുതല്‍ ചന്ദ്രക്ക്. മാതാപിതാക്കള്‍ ചെറുപ്പം മുതലേ സ്ഥിരോത്സാഹത്തിന്റെയും അർപ്പണബോധത്തിന്റെയും മൂല്യങ്ങള്‍ ചന്ദ്രയില്‍ വളർത്തി.
സ്കൂളിലെയും കോളജിലെയും മികച്ച വിദ്യാർഥിനികളിലൊരാളായിരുന്നു ചന്ദ്ര. 10ാം ക്ലാസ് ബോർഡ് പരീക്ഷയില്‍ 10 ആയിരുന്നു ആ മിടുക്കിയുടെ സി.ജി.പി.എ. 12ാം ക്ലാസില്‍ 95.4 ശതമാനമായിരുന്നു മാർക്ക്. തുടർന്ന് 2018ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജില്‍ നിന്ന് ഹിസ്റ്ററി ഓണേഴ്സ് ബിരുദവും നല്ല മാർക്കില്‍ വിജയിച്ചു. ബിരുദ പഠനത്തിനു ശേഷമാണ് ചന്ദ്ര സിവില്‍ സർവീസിന് തയാറെടുത്തത്. ഒറ്റവർഷത്തെ ചിട്ടയായ പഠനം കൊണ്ട് 22ാം വയസില്‍ ആരും കൊതിക്കുന്ന നേട്ടം ചന്ദ്രയെ തേടിയെത്തി. യു.പി.എസ്.സി പരീക്ഷയിലെ അഖിലേന്ത്യ തലത്തില്‍ 28ാം റാങ്കിന്റെ നേട്ടം. 22ാമത്തെ വയസിലാണ് ചന്ദ്ര ഐ.എ.എസ് ഓഫിസറായത്.
ദിവസവും ഒന്നുരണ്ട് മണിക്കൂറുകള്‍ പത്രങ്ങള്‍ വായിച്ച് കുറിപ്പുകള്‍ തയാറാക്കുമായിരുന്നു. ചരിത്രമായിരുന്നു ഐഛിക വിഷയം. ആഴ്ചയിലൊരിക്കല്‍ റിവിഷൻ നടത്തും. മോക് ടെസ്റ്റുകള്‍ പരിശീലിച്ചു. ഇതാണ് തന്റെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചതെന്നും ചന്ദ്രജ്യോതി പറയുന്നു.