ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ; ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്

ടെന്നിസില്‍ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്.

ആസ്ട്രേലിയൻ ഓപണില്‍ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് ബൊപ്പണ്ണ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നിലവില്‍ മൂന്നാമതുള്ള താരം പുതിയ റാങ്കിങ് വരുമ്ബോള്‍ ഒന്നാമതാകും.

ആസ്ട്രേലിയൻ ഓപണ്‍ ക്വാർട്ടർ ഫൈനലില്‍ അർജന്റീനയുടെ ആറാം സീഡ് സഖ്യം മാക്സിമോ ഗോണ്‍സാലസ്-ആന്ദ്രെ മൊല്‍ത്തേനി എന്നിവരെ 6-4, 7-6 (5) എന്ന സ്കോറിന് തോല്‍പിച്ചാണ് രണ്ടാം സീഡ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയില്‍ സീഡ് ചെയ്യപ്പെടാത്ത തോമസ് മഷാക്-സീസെൻ സാങ് സഖ്യമാണ് എതിരാളികള്‍.

20 വർഷം മുമ്ബ് ടെന്നിസ് കോർട്ടില്‍ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപണ്‍ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങില്‍ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും. 38ാം വയസ്സില്‍ ഒന്നാം റാങ്കിലെത്തിയ യു.എസ്.എയുടെ രാജീവ് റാമിന്റെ പേരിലാണ് നിലവിലെ പ്രായം കൂടിയ ഒന്നാം റാങ്കുകാരനെന്ന റെക്കോഡ്. ഇന്ത്യൻ താരങ്ങളായ ലിയാണ്ടർ പേസ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരും ഡബിള്‍സ് ഒന്നാം റാങ്കിലെത്തിയവരാണ്.