മരിച്ചിട്ട് 19 ദിവസം, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുപോലുമില്ല, അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തില്‍ വിമര്‍ശനം

കൊല്ലം : പരവൂരില്‍ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ 19 ദിവസമായിട്ടും വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥരെ ചോദ്യം പോലും ചെയ്യാതെ അന്വേഷണ സംഘം.

ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടു മതി ചോദ്യം ചെയ്യലെന്ന നിലപാടിലാണ് സിറ്റി ക്രൈംബ്രാഞ്ച്. അനീഷ്യ ഓഫീസില്‍ ഉപയോഗിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെ ഔദ്യോഗിക രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു.

അനീഷ്യയുടെ മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീല്‍, സഹപ്രവർത്തകനായ എപിപി ശ്യാം കൃഷ്ണ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടും തൊടാതെ അന്വേഷണ സംഘം. അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തില്‍ മതി ചോദ്യം ചെയ്യലെന്ന നിലപാടിലാണ് സിറ്റി ക്രൈംബ്രാഞ്ച്. ഡിപിപിയുടെ തൊഴില്‍ പീഡനവും മാനസിക സമ്മർദ്ദവും എപിപിയുടെ പരിഹാസവുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം. വാട്സ് ആപ്പ് സന്ദേശ പരിശോധനയുടേതടക്കം ഫലം പുറത്തുവരണമെന്നും പറയുന്നു.

അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയർക്കെതിരെ നടപടി
പരവൂർ കോടതിയില്‍ അനീഷ്യയുടെ ഓഫീസിലെത്തിയ അന്വേഷണ സംഘം ലാപ്ടോപ്പും ഹാജർ രേഖകളും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. മാനസിക ബുദ്ധിമുട്ടുകള്‍ അനീഷ്യ പങ്കുവച്ചെന്ന് ബന്ധുക്കളുടെ മൊഴിയിലുള്ള പരവൂർ മജിസ്ട്രേറ്റിൻ്റെ മൊഴിയെടുത്തു. എ പി പിമാരുടെ യോഗത്തില്‍ പരിഹാസം ഏറ്റുവാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം കോടതിയിലെ സിസിടിവി ശേഖരിച്ചു. അനീഷ്യയെ കൊല്ലം കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ വിനോട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ബാർ അസോസിയേഷന് അഭിഭാഷകൻ കുണ്ടറ ജോസും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും വിശദീകരണം നല്‍കി. ആരോപണത്തില്‍ കുണ്ടറ ജോസ് ഉറച്ചു നിന്നു. വിഷയത്തില്‍ തീരുമാനമെടുക്കാൻ കൊല്ലം ബാർ അസോസിയേഷൻ ജനറല്‍ ബോഡി വിളിക്കും. ബാർ കൗണ്‍സിലിലും വിനോദ് പരാതി നല്‍കിയിട്ടുണ്ട്.