രുചികരമായ ഓട്സ് മില്‍ക്ക് ഷേക്ക് ; ഈസി റെസിപ്പി

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ധാന്യമാണ് ഓട്സ്. പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്.

ധാരാളം പോഷകഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകള്‍ നല്ല കൊളസ്‌ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രാതലില്‍ ഇനി മുതല്‍ ഉള്‍പ്പെടുത്താം ഓട്സ് ഷേക്ക്…

വേണ്ട ചേരുവകള്‍…

ബദാം 10 എണ്ണം
ഓട്സ് 2 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം 5 എണ്ണം
ആപ്പിള്‍ 1 എണ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം ബദാം കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം ബദാമിന്റെ തൊലി മാറ്റുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറില്‍ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഓട്സ് മില്‍ക്ക് ഷേക്ക് തയ്യാർ…