ക്ഷേത്രത്തില്‍ നാരങ്ങ ലേലത്തില്‍ വിറ്റത് 2.3 ലക്ഷം രൂപയ്‍ക്ക്, ആവശ്യക്കാരേറെയും കുഞ്ഞുങ്ങളില്ലാത്ത ദമ്ബതികള്‍

തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ഒമ്ബത് നാരങ്ങകള്‍ വലിയ തുകയ്ക്ക് ലേലം ചെയ്തു. മൊത്തം 2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകള്‍ ലേലം ചെയ്തത്.വില്ലുപുരം രത്തിനവേല്‍ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്.

ദിവസങ്ങളോളം ക്ഷേത്രത്തില്‍ പ്രത്യേക പ്രാർഥനകളില്‍ ഉപയോഗിക്കുന്ന ഈ ഒൻപത് നാരങ്ങകള്‍ക്കും ദൈവികമായ ശക്തിയുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിനാല്‍, തന്നെ ഇതിന് ആവശ്യക്കാരേറെയാണ്. ഒൻപത് ദിവസങ്ങളില്‍, ക്ഷേത്രത്തിലെ പൂജാരി മുരുകൻ്റെ വേലില്‍ ഓരോ നാരങ്ങ വീതം കുത്തി വയ്ക്കുന്നു. അത് നാരങ്ങകള്‍ക്ക് പ്രത്യേക ശക്തി കൈവരാൻ സഹായകമാകുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

വാർഷിക ഉത്സവമായ ഒൻപത് ദിവസത്തെ പങ്കുനി ഉതിരം സമാപിച്ചതിന് ശേഷമാണ് നാരങ്ങകള്‍ ഭക്തർക്ക് ലേലം ചെയ്യുന്നത്. രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ നാരങ്ങയുടെ നീര് കഴിച്ചാല്‍ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഒരുപാട് പേർ ഈ നാരങ്ങ സ്വന്തമാക്കാൻ ആഗ്രഹിച്ചെത്താറുണ്ട്.

അതുപോലെ കച്ചവടങ്ങളിലും മറ്റും വളർച്ചയുണ്ടാവാൻ സഹായിക്കും എന്ന വിശ്വാസത്തില്‍ നാരങ്ങ വാങ്ങുന്ന കച്ചവടക്കാരും ഏറെയുണ്ട്. ആദ്യത്തെ ദിവസം വേലില്‍ കുത്തിയ നാരങ്ങയ്ക്കാണ് കൂടുതല്‍ ശക്തി എന്നാണ് വിശ്വാസം. കുളത്തൂർ ഗ്രാമത്തില്‍ നിന്നുള്ള ദമ്ബതികള്‍ 50,500 രൂപയ്ക്കാണ് ഈ നാരങ്ങ വാങ്ങിയത്.

ഇതിനിടെ തമിഴ്നാട്ടിലെ മറ്റൊരു ക്ഷേത്രത്തിലെ ചെറുനാരങ്ങ 35000 രൂപക്ക് ലേലത്തില്‍ വിറ്റുപോയിരുന്നു. ഈറോഡിലെ ശിവഗിരി പഴപൂസയ്യൻ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ നടന്ന ലേലത്തിലാണ് ചെറുനാരങ്ങ ഈ തുകയ്ക്ക് വിറ്റുപോയത്. ശിവരാത്രി ദിനത്തില്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വഴിപാട് സാധനങ്ങള്‍ ലേലം ചെയ്തപ്പോഴാണ് ചെറുനാരങ്ങക്കായി മത്സരിച്ച്‌ ലേലം വിളിച്ചത് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.