14 കാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്

ദില്ലി: ദില്ലിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14കാരനെയാണ് ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തത്.ആക്രമണത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളിലെ സീനിയർ വിദ്യാർത്ഥിയായ പ്രായ പൂർത്തിയാകാത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ടിന് പീഡനവിവരം വിദ്യാർഥി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ക്ലാസിലുണ്ടായ വഴക്കിനെ തുടർന്ന് സീനിയർമാരില്‍ ഒരാള്‍ തന്നെ മർദിച്ചതായി കുട്ടി പരാതിയില്‍ പറയുന്നു. മാർച്ച്‌ 18ന് പരീക്ഷ കഴിഞ്ഞ് കുട്ടിയെ സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും പിന്നീട് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവം ആരോടും പറയരുതെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കുട്ടി ആരോടും പറയുകയും ചെയ്തില്ല. എന്നാല്‍, കഠിനമായ വയറുവേദന അനുഭവപ്പെടുന്നതിനാല്‍ മാർച്ച്‌ 28 ന് കുട്ടിയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. ആന്തരികമായി പരിക്കേറ്റ കുട്ടിയെ ഡോക്ടർമാർ അടിയന്തരമായി ലാപ്രോട്ടമി ശസ്ത്രക്രിയ നടത്തി. പിന്നീട് ബോധം ‌വന്നപ്പോഴാണ് കുട്ടി അമ്മയോട് സത്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കായിക അധ്യാപകൻ അവനെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച ഒരു ആണ്‍കുട്ടി പരീക്ഷയ്ക്ക് ശേഷം കുട്ടിയെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഒരു കൂട്ടം ആണ്‍കുട്ടികള്‍ അവനെ നിലത്തിട്ട് വലിച്ചിഴച്ച്‌, വടികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് 14കാരന്റെ സഹോദരി പറഞ്ഞു. പിന്നീട് സ്വകാര്യഭാഗത്ത് വടി കൊണ്ടുള്‍പ്പെടെ ഉപദ്രവിക്കുകയായിരുന്നു. സ്വാകാര്യ ഭാഗത്തിലൂടെ നടത്തിയ അതിക്രമമാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കാൻ കാരണം. ഇതാരോടും പറയരുതെന്നും പുറത്ത് പറഞ്ഞാല്‍ സഹോദരിയേയും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഒരു കൂട്ടം ആളുകള്‍ സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, സംഭവത്തില്‍ ഒരു വിദ്യാർത്ഥിയെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് കൈമാറിയതായി പൊലീസ് അറിയിച്ചു.