‘ജീവനേക്കാള്‍ വലുതല്ല ഇതൊന്നും’; ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി
ദില്ലി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്. 30 ആഴ്ചത്തെ ദൈർഘ്യമുള്ള ഗർഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്.
ഇത് അസാധാരണമായ കേസാണെന്നായിരുന്നു കോടതിയുടെ പരാമർശം. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. ഈ ഘട്ടത്തില്‍ ഗർഭഛിദ്രത്തിന് വിധേയമാകുമ്ബോള്‍ ചില അപകടസാധ്യതകള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ കേസിലെ മെഡിക്കല്‍ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് പ്രസവത്തിന്റെ അപകട സാധ്യത ഇതിനേക്കാള്‍ മുകളിലാണെന്നാണ്. പെണ്‍കുട്ടിയ്ക്ക് 14 വയസ് മാത്രമാണ് പ്രായമെന്നതിനാല്‍ ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയാണെന്നും ഇതൊരു ബലാത്സംഗക്കേസായതിനാല്‍ അസാധാരണ കേസാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏപ്രില്‍ നാലിന് ബോംബെ ഹൈക്കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് കൗമാരക്കാരിയുടെ അമ്മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെബി പർദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഈ വിഷയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച അടിയന്തര വാദം കേട്ടിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച മെഡിക്കല്‍ റിപ്പോർട്ട് പെണ്‍കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ആശുപത്രിയില്‍ പുതിയ പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.
സിയോണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോർഡ് ഗർഭച്ഛിദ്രത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു റിപ്പോർട്ട് നല്‍കിയത്. അതിൻ്റെ അടിസ്ഥാനത്തില്‍, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം കോടതി ഗർഭച്ഛിദ്രം അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭധാരണം തുടരുന്നത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിയോണ്‍ മെഡിക്കല്‍ ബോർഡ് അഭിപ്രായപ്പെട്ടു. ചില അപകടസാധ്യതകള്‍ ഉള്ളതിനാല്‍ പ്രസവം ജീവനുള്ള ഭീഷണിയേക്കാള്‍ വലുതല്ലെന്ന് മെഡിക്കല്‍ ബോർഡ് അഭിപ്രായപ്പെട്ടു. ഫുള്‍ ടേം ഡെലിവറി അപകടമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വളരെ വൈകിയാണ് പെണ്‍കുട്ടി ഗർഭധാരണം തിരിച്ചറിയുന്നതെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കൊപ്പം ഈ വിഷയത്തില്‍ ബലാത്സംഗക്കേസും ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.