എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട്; ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു
കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട് നേടിയ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഐ.എന്‍.എല്‍. നേതാവുമായ ഒ.പി. റഷീദിനായിരുന്നു പൂജ്യം വോട്ട് ലഭിച്ചത്.
നേരത്തെ കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിലെ സ്ഥാനാർത്ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു.
നഗരസഭാ 15-ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഫൈസലിന്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു ഒ.പി റഷീദിന് ‘പൂജ്യം’ വോട്ട് ലഭിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ‘പൂജ്യം’ വോട്ട് ലഭിക്കാനിടയായത് അണികള്‍ക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചനകളും പുറത്തുവന്നിരുന്നു.