ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യഘട്ടം കടുപ്പം, സ്പെയിനിന് എളുപ്പം; ബ്രസീലിന് യോഗ്യതയില്ല
പാരീസ്: കോപ്പ അമേരിക്കയുടെ വിജയലഹരിയില്‍ അർജന്‍റനയുടെയും യൂറോ കപ്പിന്‍റെ ആവേശത്തില്‍ സ്പെയ്നിന്‍റെയും യുവനിര ഒളിംപിക്സ് സ്വർണത്തിളക്കത്തിനായി പാരീസിലേക്ക്.എന്നാല്‍ ലോക ചാമ്ബ്യൻമാരായ അർജന്‍റീനയ്ക്ക് ഒളിംപിക്സ് ഫുട്ബോളില്‍ നേരിടേണ്ടിവരിക ശക്തരായ എതിരാളികളെയാണ്. അതേസമയം, യൂറോ ചാമ്ബ്യൻമാരായ സ്പെയ്നിനും ഗ്രൂപ്പ് ഘട്ടം താരതമ്യേനെ എളുപ്പമാവും.
ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോള്‍ മൊറോക്കോ, ഇറാഖ്, യുക്രൈൻ എന്നിവരാണ് അർജന്‍റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയിലാണ് മുന്‍ താരം ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്‍റീന. ഫ്രാൻസിന് ഗ്രൂപ്പ് എയില്‍ അമേരിക്ക, ഗിനിയ,ന്യൂസിലൻഡ് എന്നിവർ എതിരാളികളാവും.
ഗ്രൂപ്പ് സിയില്‍ ഉസ്ബകിസ്ഥാൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവർക്കൊപ്പമാണ് യൂറോ ചാമ്ബ്യൻമാരായ സ്പെയിൻ കളിക്കുക. ഗ്രൂപ്പ് ഡിയില്‍ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേല്‍ എന്നിവർ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. ജൂലിയൻ അവാരസ്, നികൊളാസ് ഒട്ടമെൻഡി,ഗോള്‍കീപ്പർ ജെറോണിമൊ റൂളി എന്നിവരാണ് അർജന്‍റൈൻ ടീമിലെ സീനിയര്‍ താരങ്ങള്‍. യൂറോ കപ്പില്‍ മിന്നിത്തിളങ്ങിയ ലമീൻ യമാല്‍, നിക്കോ വില്യംസ്, പെഡ്രി എന്നിവരെയൊന്നും ഉള്‍പ്പെടുത്താതെയാണ് സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രഞ്ച് ടീമില്‍ കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെ പ്രധാന താരങ്ങള്‍ ആരുമില്ല. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് പത്ത് വരെയാണ് ഒളിംപിക്സ് ഫുട്ബോള്‍. റിയോ ഡി ജനീറോയിലും ടോക്കിയോയിലും ഒളിംപിക്സ് ഫുട്ബോള്‍ സ്വര്‍ണം നേടിയ ബ്രസീലിന്‍റെ പുരുഷ ടീം ഒളിംപിക്സിന് യോഗ്യത നേടിയിട്ടില്ല. ഈ സീസണില്‍ റയലിലെത്തുമെന്ന് കരുതുന്ന 17 കാരന്‍ സ്ട്രൈക്കര്‍ എന്‍ഡ്രിക്കിന്‍റെ മഞ്ഞക്കുപ്പായത്തിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ നല്‍കിയാണ് ബ്രസീല്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടത്.