മദ്യപാനികളേ സന്തോഷിപ്പിൻ: ഡ്രൈ ഡേയില്‍ ഇളവു വരുന്നു

സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശ. നിലവില്‍, ഡ്രൈ ഡേയില്‍ മദ്യഷോപ്പുകള്‍ അടച്ചിടുന്നതിനാല്‍ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.മാത്രമല്ല, ടൂറിസം മേഖലയേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേയില്‍ ഇളവു വരുത്താന്‍ ശുപാര്‍ശ. അതേസമയം, ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ല. എന്നാല്‍ അന്താരാഷ്ട്ര കോണ്‍ഫറൻസുകള്‍, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യം വില്‍ക്കാൻ അനുമതി നല്‍കുന്നത് പരിഗണിക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇതിന് വേണ്ടിയുള്ള കൃത്യമായ നിയമങ്ങള്‍ ഇനിയും തയ്യാറാക്കേണ്ടതുണ്ട്.

ഡ്രൈ ഡേ ഒഴിവാക്കണം എന്നായിരുന്നു ബാര്‍ ഉടമകളുടെയും മദ്യക്കമ്ബനികളുടെയും ആവശ്യം. രാജ്യാന്തര കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ, കേരളത്തിലേക്ക് വി.ഐ.പികള്‍ വരുന്നതിന് ഡ്രൈ ഡേ തടസമാകുന്നുവെന്ന് ടൂറിസം വകുപ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഡ്രൈഡേ ഒഴിവാക്കണം എന്ന് കാലങ്ങളായുള്ള ബാർ ഉടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും പകരം ചില നിബന്ധനകളോടെ സർക്കാർ ഈ ആവശ്യം പരിഗണിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇക്കാര്യം പരിഗണിക്കുന്നതിനിടെ ആണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ പണപ്പിരിവ് നടത്തണമെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ പുറത്തുവന്ന് വിവാദമായത്. എന്നാല്‍ ഇപ്പോള്‍ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാര്‍ശ. ഏതുരീതിയില്‍ ഇളവുകള്‍ നടപ്പാക്കണമെന്നത് ചട്ടങ്ങള്‍ രൂപീകരിച്ച്‌ അന്തിമ മദ്യനയത്തില്‍ വ്യക്തമാക്കും.