കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക്‌ വിധേയരാകണം

കുവൈത്ത്‌ സിറ്റി : ബ്രിട്ടനിൽ നിന്നും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടയിൽ കുവൈത്തിൽ പ്രവേശിച്ച എല്ലാവരും വീണ്ടും പി.സി.ആർ.പരിശോധനക്ക്‌ വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു

 

ഡിസംബർ 11 മുതൽ 21 വരെയുള്ള കാലയളവിൽ ഈ രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തിയവർക്കാണു ഇത്‌ ബാധകമാക്കിയിരിക്കുന്നത്‌.രാജ്യത്ത്‌ പ്രവേശിച്ച തിയ്യതി മുതൽ അഞ്ചു മുതൽ പത്ത്‌ ദിവസത്തിനകമാണു പരിശോധനക്ക്‌ വിധേയരാകേണ്ടത്‌. ജാബർ അൽ അഹ്മദ് ഹോസ്പിറ്റലിൽ കാലത്ത്‌ 8 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയത്തിനിടയിലാണു ഇതിനായി ഹാജരാകേണ്ടത്‌.ഈ കാലയളവിൽ രാജ്യത്ത്‌ പ്രവേശിച്ച സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ഇത്‌ ബാധകമാക്കിയതായും മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.പരിശോധനക്ക്‌ ഹാജരാകുന്നവർ രാജ്യത്ത്‌ പ്രവേശിച്ച തിയ്യതി തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കണമെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്‌ വ്യാപന പശ്ചാത്തലത്തിലാണു നടപടി. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നും തിരിച്ചുമുള്ള വിമാന യാത്രക്ക്‌ കുവൈത്ത്‌ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു.