കൂണ്‍ പറിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടിലേക്ക് പോയി, പിന്നില്‍ നിന്നും ചാടി വീണ് കരടി; യുവാവിന് പരിക്ക്

മലപ്പുറം: നിലമ്ബൂർ കരുളായില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ചുള്ളിയോട് ഉണ്ണിക്കുളം സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. കൂണ്‍ പറിക്കാനായി വനത്തില്‍ പോയതായിരുന്നു ജംഷീറലിയും മൂന്ന് സുഹൃത്തുക്കളും. കൂണ്‍ പറിച്ചുകൊണ്ടിരുന്ന ജംഷീറലിയെ കരടി പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.

കരടിയുടെ ശബ്ദം കേട്ട് കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവർ തിരികെയെത്തി. അപ്പോഴും കരടിയുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നു. ആളുകളെ കണ്ട് കരടി കാട്ടിലേക്ക് രക്ഷപെട്ടു. ആക്രമണത്തില്‍ ജംഷീറലിയുടെ തലക്കും ദേഹത്തും പരിക്കേറ്റു. ഒരു കണ്ണിനും ഗുരുതരമായി പരിക്കുണ്ട്. കൂടെയുണ്ടായിരുന്നവർ ജംഷീറലിയെ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.