തമിഴ്നാട്ടില്‍ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ് പ്രസിഡന്റിനെതിരെ കേസ്
ചെന്നൈ > ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻരാജിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവത്തെ തുടർന്ന് സസ്പെന്റ് ചെയ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി സിന്ധുജയെയും വാർഡ് അംഗം ആർ സുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
തേർക്ക് തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേശ്വരി നിലത്തും അഞ്ചുപേര്‍ കസേരയിലും ഇരുന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതോടെ പ്രതിഷേധം ശക്തമാവുകയും അധികാരികൾ രംഗത്ത് വരികയുമായിരുന്നു. വണ്ണിയാർ സമുദായത്തിൽപ്പെട്ട പഞ്ചായത്തംഗങ്ങളുടെ ജാതിവിവേചനത്തിനും പീഡനത്തിനുമെതിരെ രാജേശ്വരി പിന്നീട് തുറന്നടിക്കുകയും ചെയ്തു.
”അവർ വണ്ണിയാർ സമുദായത്തിൽപ്പെട്ടവരും ഞാൻ ദലിതും ആയതുകൊണ്ടു എന്നോട് നിലത്തിരിക്കാൻ വൈസ് പ്രസിഡന്റ് മോഹൻരാജൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താൻപോലും എന്നെ അനുവദിച്ചില്ല. എനിക്കെതിരായ വിവേചനത്തിനെതിരെ പ്രതിഷേധമുയർത്തിയപ്പോൾ മോഹൻരാജൻ ഭീഷണിപ്പെടുത്തി”- രാജേശ്വരി പറയുന്നു