ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിര്‍ദിശയില്‍ 100 മീറ്ററിലേറെ നീങ്ങി; ഒഴിവായത് വൻദുരന്തം
മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ‘ബ്ലസിങ്’ എന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിയത്. ഇതോടെ ബസിന് നിയന്ത്രണം നഷ്ടമായി. ബസ് റോഡരികില്‍ നിർത്തിയിട്ട പിക്കപ്പ് വാനില്‍ ഇടിച്ചു. പിക്കപ്പ് വാൻ പിന്നോട്ട് നീങ്ങി ഓട്ടോയിലും സ്കൂട്ടിയിലും ഇടിച്ചു. ടയർ പൊട്ടി എതിർ ദിശയില്‍ 100 മീറ്ററിലേറെ നീങ്ങിയ ബസിന്റെ ടയർ ഉരുകി തീർന്ന നിലയിലായിരുന്നു.
ഇന്നലെ ഉച്ചക്ക് 1.30 ഓടു കൂടിയാണ് സംഭവം. പിക്കപ്പ് വാനിലും ഓട്ടോയിലും ഉള്ളവർ സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി പോയിരുന്നതിനാല്‍ അപകടം ഒഴിവായി. ഉച്ചസമയം ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായതു കൊണ്ടും വൻ ദുരന്തം ഒഴിവായി.