ഈ സന്ദേശം ആര്‍ക്കും ലഭിക്കാം, 25 രൂപ നല്‍കി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

 


തിരുവനന്തപുരം: പാഴ്‌സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്‍റെ പേരില്‍ വ്യാജസന്ദേശം.സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സല്‍ വെയർഹൗസില്‍ എത്തിയിട്ടുണ്ട്. പാഴ്‌സല്‍ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ വിലാസം തെറ്റായതിനാല്‍ പാഴ്‌സല്‍ കൈമാറാനായില്ല.

അതിനാല്‍ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കില്‍ പാഴ്സല്‍ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റല്‍ വകുപ്പിന്‍റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തപാല്‍ വകുപ്പിന്‍റേതിന് സമാനമായ വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കാനുള്ള പേജാണ് ലഭിക്കുക.

പാഴ്‌സല്‍ ലഭിക്കുന്നതിനായി 25 രൂപ നല്‍കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. പണം അയക്കാനായി നല്‍കുന്ന ബാങ്ക് ലോഗിൻ വിവരങ്ങള്‍ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച്‌ തട്ടിപ്പുകാർ ബാങ്കിന്‍റെ വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തപാല്‍ വകുപ്പ് വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇത്തരത്തില്‍ ആർക്കും സന്ദേശങ്ങള്‍ അയക്കാറില്ല.

ഇത്തരം വ്യാജ ലിങ്കുകള്‍ വ്യക്തിവിവരങ്ങള്‍ ചോർത്താനും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഉടൻ തന്നെ 1930 എന്ന നമ്ബറില്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.