സൈബ‍ര്‍ സെല്‍ സഹായിച്ചു, ഷെയര്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമങ്കരി പൊലീസ് വലയിലാക്കി

ആലപ്പുഴ: ഷെയർ മാർക്കറ്റില്‍ നിക്ഷേപിച്ച്‌ കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയില്‍ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍.രാമങ്കരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി സ്വദേശി മെജോ എം മൈക്കള്‍ (43) നെയാണ് പൊലീസ് തൃപ്പുണിത്തറയില്‍ നിന്നും പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

രാമങ്കരി സ്വദേശിയെ കൂടാതെ ചങ്ങനാശ്ശേരി സ്വദേശിയില്‍ നിന്നും ഇയാള്‍ 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുള്ളതായും പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കേണ്ടതായിട്ടുണ്ടെന്നും രാമങ്കരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. രാമങ്കരി പോലീസ് ഇൻസ്പെക്ടർ വി ജയകുമാന്റെ നേതൃത്വത്തില്‍ എസ് ഐ ജിജു, ജി എസ് ഐ പ്രേംജിത്ത്, ഷൈലകുമാർ, സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.