സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറത്ത്
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറം ജില്ലയിലുണ്ട്. പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്.
പൊന്നാനി നഗരസഭയില്‍ 10 അംഗങ്ങളോടെ പ്രതിപക്ഷത്ത് ഇരിക്കുന്ന യുഡിഎഫ് ഇത്തവണ 23കാരനായ ഫര്‍ഹാനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഫര്‍ഹാന്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവായി മാറുകയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ആണ് ഫര്‍ഹാന്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊന്നാനി നഗരസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയത്.
എം.എസ്.എഫി ന്റെ മലപ്പുറം ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ കൂടിയാണ് ഫർഹാൻ
കന്നിയങ്കത്തില്‍ തന്നെ മികച്ച ഭൂരിപക്ഷത്തോടെയാണ് പൊന്നാനി നഗരസഭയിലേക്ക് വിജയിച്ചെത്തിയത്. ഇനിയുള്ള അഞ്ച് വര്‍ഷം തന്നെ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവ നേതാവ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവ് ആകാന്‍ തനിക്ക് കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫര്‍ഹാന്‍ പറഞ്ഞു.
51 സീറ്റുകളുള്ള പൊന്നാനി നഗരസഭയില്‍ 38 സീറ്റ് എല്‍ഡിഎഫിനും 10 സീറ്റുകള്‍ യുഡിഎഫിനും മൂന്നു സീറ്റുകള്‍ എന്‍ഡിഎക്കുമാണ് ലഭിച്ചത്