ഇന്ത്യക്കെതിരായ മുംബൈ ടെസ്റ്റിന് മുമ്ബ് ന്യൂസിലൻഡിന് തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരം മൂന്നാം ടെസ്റ്റിനുമില്ല
മുംബൈ: മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റും ജയിച്ച് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര തൂത്തുവാരാമെന്ന് സ്വപ്നം കാണുന്ന ന്യൂസിലന്‍ഡ് ടീമിന് തിരിച്ചടി.പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നിന്ന മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും കളിക്കില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വില്യംസണിന്‍റെ തുടയിലേറ്റ പരിക്ക് ഭേദമായെങ്കിലും ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ തിടുക്കപ്പെട്ട് കളിപ്പിച്ച് റിസ്ക് എടുക്കേണ്ടെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍രെ തീരുമാനം. നവംബർ 28-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഹോം സീരീസില്‍ വില്യംസണ്‍ പൂർണ്ണ ആരോഗ്യത്തോടെ തിരികെയെത്തുമെന്നും അവസാന ടെസ്റ്റിനായി ഇന്ത്യയിലേക്ക് വരില്ലെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു.
വില്യംസണിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും തിടുക്കപ്പെട്ട് ഇന്ത്യയിലേക്ക് വരേണ്ട കാര്യമില്ലെന്ന് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡും വ്യക്തമാക്കി.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ന്യൂസിലന്‍ഡ് 2-0ന് പരമ്ബര സ്വന്തമാക്കി കഴിഞ്ഞു. ആദ്യ ടെസ്റ്റ് ജയിച്ചപ്പോള്‍ തന്നെ 36 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റും ജയിച്ച് 70 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ പരമ്ബര നേട്ടവും ആഘോഷിച്ചിരുന്നു. വെള്ളിയാഴ്ച മുംബൈയിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിന് തുടക്കമാകുക.
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീം: ടോം ലാഥം (ക്യാപ്റ്റൻ), ടോം ബ്ലണ്ടല്‍, മാർക്ക് ചാപ്മാൻ, ഡെവണ്‍ കോണ്‍വേ, മാറ്റ് ഹെൻറി, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂർക്ക്, അജാസ് പട്ടേല്‍, ഗ്ലെൻ ഫിലിപ്‌സ്,രചിൻ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നർ, ബെൻ സിയേഴ്‌സ്, ഇഷ് സോധി, ടിം സൗത്തി, വില്‍ യംഗ്.