കുതിപ്പ് 1000 കോടിയിലേക്ക്; പുഷ്പ 2ല്‍ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയല്ല ! പിന്നയോ ? ജിസ് ജോയ് പറയുന്നു

ഇന്ത്യൻ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കളക്ഷൻ റെക്കോർഡുകള്‍ക്കാണ് പുഷ്പ 2 ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.ആദ്യദിനം 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോള്‍ 800 കോടി ക്ലബ്ബെന്ന നേട്ടവും കൊയ്തു കഴിഞ്ഞു. അതും വെറും നാല് ദിവസത്തില്‍. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട പുഷ്പ 2വില്‍ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണെന്ന തരത്തില്‍ നേരത്തെ വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്രയും വരില്ലെന്നാണ് സംവിധായകൻ ജിസ് ജോയ് പറയുന്നത്.

300 കോടി ഒന്നും പ്രതിഫലം അല്ലു അർജുന് ഉണ്ടാകില്ലെന്നും എന്നാലും അതിനടുത്തൊക്കെ വരുമെന്നും ജിസ് ജോയ് പറഞ്ഞു. “അല്ലുവിന്റെ പ്രതിഫലം 300 കോടിയാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷേ അതിന്റെ അടുത്തൊക്കെ വരും. 300 കോടിയില്‍ മുപ്പത് ശതമാനം കുറച്ച്‌ കഴിഞ്ഞാല്‍ ശരിയായിരിക്കും. ഇതെല്ലാം മാർക്കറ്റാണ്. അടുത്ത പടത്തിന്റെ കച്ചവടം നടക്കാൻ പോകുന്നത് 1500 കോടിക്കാണെങ്കില്‍ 200 കോടി പ്രതിഫലം എന്നത് 300 കോടിയായിട്ട് മാറും. കാരണം നടന്റെ പേരിലാണ് കച്ചവടം. അയാളുടെ പേരിലാണ് കച്ചവടം നടക്കുന്നത്. അദ്ദേഹത്തെ മാറ്റിക്കഴിഞ്ഞാല്‍ കച്ചവടം ഇല്ല. ഭയങ്കര വലിയൊരു മാർക്കറ്റാണ്”, എന്ന് ജിസ് ജോയ് പറയുന്നു.

“ഇന്ത്യൻ സിനിമ ഇങ്ങനെയൊകുമെന്ന് ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. പുഷ്പ 2 ന് 1000 കോടിയുടെ പ്രീ സെയില്‍ ബിസിനസ് കഴിഞ്ഞെന്നാണ് പറയുന്നത്. അല്ലു അർജുന്റെ മുപ്പത് ശതമാനം കട്ട് ചെയ്താല്‍ പോലും. 700 കോടി എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ല”, എന്നും ജിസ് ജോയ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഡിസംബർ 5ന് ആയിരുന്നു പുഷ്പ 2 റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന അടക്കമുള്ള വൻതാര നിര അണിനിരന്ന ചിത്രം നാല് ദിവസം കൊണ്ട് 829 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെയാണെങ്കില്‍ രണ്ട് ദിവസത്തില്‍ പുഷ്പ 2 ആയിരം കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തലുകള്‍.