യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ചു.
വള്ളിക്കുന്ന്: കടലുണ്ടിനഗരത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
വടക്കെപുറത്ത് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലും കഴുത്തിലും സാരമായ പരിക്കേറ്റ മുസ്തഫയെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന മുപ്പതോളം സി.പി.എം. പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. ശനിയാഴ്ച കടലുണ്ടിനഗരത്തിൽ പ്രകടനം നടത്തി മടങ്ങുന്ന സി.പി.എം. പ്രവർത്തകർ വീടിനു സമീപം നിൽക്കുകയായിരുന്ന മുസ്തഫയെ ആക്രമിക്കുകയായിരുന്നെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.മുസ്തഫയുടെ നിലവിളികേട്ട് സമീപത്തുള്ളവർ ഓടിയെത്തിയാണ് ആദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
നേരത്തെ ചോപ്പൻകാവിലെ കോൺഗ്രസ് പ്രവർത്തകൻ സുശാന്തിനെയും സി.പി.എം. പ്രവർത്തകർ ആക്രമിച്ചെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. ചികിത്സയിൽക്കഴിയുന്ന മുസ്തഫയെ പി. അബ്ദുൽ ഹമീദ് എം.എൽ.എ. സന്ദർശിച്ചു.
സി.പി.എം. ആഹ്ളാദപ്രകടനങ്ങൾ അക്രമപരമ്പരകളാക്കി മാറ്റുകയാണെന്നും മുസ്തഫയെ അക്രമിച്ചവർക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും യു.ഡി.എഫ്. വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ ഓഫീസും കൊടിമരങ്ങളും തോരണങ്ങളും ബോർഡുകളും പ്രകടനത്തിൽ പങ്കെടുക്കുന്നവർ വ്യാപകമായി നശിപ്പിച്ചുവെന്ന് ഭാരവാഹികൾ പോലീസിൽ പരാതിപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സി. ഉണ്ണിമൊയ്തു, കെ.പി. മുഹമ്മദ്, നിസാർ കുന്നുമ്മൽ, പി.പി. അബ്ദുൽ റഹ്‌മാൻ, ലത്തീഫ് കല്ലുടുമ്പൻ, പി. വീരേന്ദ്രകുമാർ, പി.പി. അബൂബക്കർ, സി. നിസാർ എന്നിവർ പ്രസംഗിച്ചു.