വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1443 ഗ്രാം സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇൻ്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന് ആറ് ലക്ഷം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പിടികൂടിയ സ്വർണവും കുങ്കുമപ്പൂവും

 

ഇന്നലെ ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ എയർ അറേബിയ വിമാനത്തിലെ നാല് യാത്രക്കാരിൽ നിന്ന് 765.60 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ വടകര സ്വദേശിയായ അബ്ദുൾ സമദ് എന്ന് യാത്രക്കാരനിൽ നിന്നും 677,77 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കരിപ്പൂർ വിമാനത്താവളം ഇൻ്റലിജൻസ് വിഭാഗം കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനയിൽ 73 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കരിപ്പൂർ വഴിയുള്ള കള്ളക്കടത്ത് സജീവമായിരിക്കെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് വിമാനത്താവളം കസ്റ്റംസ് ഉദ്യോഗസ്ഥർ.

ഡെപ്യൂട്ടി കമ്മിഷണർ ടി എ കിരണിൻ്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ സുധീർ, പൗലോസ് വി ജെ, സബീഷ് സി പി, ഗഗൻദീപ് രാജ്, ഇൻസ്‌പെക്ടർ മാരായ പ്രമോദ്, റഹീസ് എൻ, പ്രേം പ്രകാശ് മീണ, സന്ദീപ് ബിസ്‌ല, ചേതൻ ഗുപ്ത, പ്രിയ കെ കെ, ഹെഡ് ഹവിൽദാർമാരായ എം ൽ രവീന്ദ്രൻ, ചന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.