ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ അപകടം; ബസ്സും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കുന്നതിനായി നാഗർകോവിലില്‍ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റില്‍ ജെയിംസ് – ലിസി ദമ്ബതികളുടെ മകൻ അഖില്‍ ( 24) ആണ് മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആറ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയില്‍ ജോലി ചെയ്യുകയായിരുന്ന അഖില്‍, അച്ഛന്‍റെ സഹോദരൻ നല്ലയ്യയുടെ മരണാനാന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടില്‍ എത്തിയത്. അമ്മ ലിസിയുടെ കുടുംബ വീടായ പാമ്ബനാറ്റില്‍ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങില്‍ സംബന്ധിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയില്‍ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട സ്ഥലത്ത് തന്നെ അഖില്‍ മരിച്ചു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.