കോട്ടയം: കോടതി വളപ്പില്‍ വച്ച് വിലങ്ങഴിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോണ്‍ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപില്‍.13 മൊബൈല്‍ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി ഗില്‍ദാർ ഹുസൈനാണ് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്ന സമയം രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതി വളപ്പില്‍ നിന്ന് ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.
ഇതിനിടെ, പിടികിട്ടാപ്പുള്ളിയായ വാറന്‍റ് പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടില്‍ സുനില്‍കുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ല്‍ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനില്‍കുമാർ.
വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള ചായക്കടയില്‍ വച്ച് സി പി ഒ. അനൂപ്, സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. തുടർന്ന് എസ് സി പി ഒ സാജുവും കൂടിയെത്തി പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചു. ഒളിവില്‍ പോയി വർഷങ്ങള്‍ക്ക് ശേഷമാണ് സുനില്‍കുമാർ അന്തിക്കാടെത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.