തൊഴില്ദാതാക്കളാകാനും സംരംഭകരാകാനും വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം: മന്ത്രി

വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷിക്കുന്നവരാകുന്നതിനപ്പുറം തൊഴില്‍ദാതാക്കളും സംരംഭകരുമായി മാറണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. രാമപുരം ജെംസ് കോളേജിന്റെ പ്രഥമ ബിരുദദാനച്ചടങ്ങും പുതിയ പരീക്ഷാ കണ്ട്രോളര് മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്രാമങ്ങളില്‍ ജനിച്ചുവളരുന്ന വിദ്യാര്‍ഥികള്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്നും അവ സാക്ഷാത്കരിക്കാന്‍ മികച്ച വിദ്യാഭ്യാസം നേടണമെന്നും മന്ത്രി പറഞ്ഞു. ബിരുദ സര്‍ട്ടിഫിക്കറ്റിനപ്പുറം പുറംലോകത്തെ നേരിടാനുള്ള അനുഭവസമ്പത്തും ആത്മവിശ്വാസവുമാണ് കലാലയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. നൂതന സാങ്കേതികവിദ്യകള്‍ തൊഴില്‍മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സ്വന്തം ആശയങ്ങളെ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം. ജീവിതത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് മികച്ച വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു.
കോളേജിലെ പരീക്ഷാ നടത്തിപ്പിനായി നിര്‍മിച്ച കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ബ്ലോക്കും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ., വി.എസ്. ജോയ് എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതി രാജ്, കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ മോഹന്‍, അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബി.ജി. ഉണ്ണി, വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

