യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണയും ലിവര്‍പൂളും ഇന്നിറങ്ങും


സൂറിച്ച്‌: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും.പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുന്നത് ഒരുഗോള്‍ ലീഡുമായി. രാത്രി ഒന്നരയ്ക്കാണ് മത്സരം. ആദ്യപാദത്തില്‍ റഫീഞ്ഞയുടെ ഗോളാണ് ബാഴ്‌സലോണയെ രക്ഷിച്ചത്. ചുവപ്പുകാര്‍ഡ് കണ്ട യുവഡിഫന്‍ഡര്‍ പൗ കുര്‍ബാസി ഇല്ലാതെയാവും ബാഴ്‌സ ഇറങ്ങുക.

ടീം ഡോക്ടര്‍ കാര്‍ലെസ് മിനാറോ ഗാര്‍സ്യ മരിച്ചതിന് ശേഷം ബാഴ്‌സലോണയുടെ ആദ്യമത്സരമാണിത്. ഒസസുനയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു ടീം ഡോക്ടറുടെ മരണം. ഇതേത്തുടര്‍ന്ന് ഈ മത്സരം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്റര്‍ മിലാന്‍ രണ്ടുഗോള്‍ ലീഡുമായി ഹോം ഗ്രൗണ്ടില്‍ ഫെയനൂര്‍ദിനെതിരെ ഇറങ്ങുമ്ബോള്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പിഎസ്ജിയെ നേരിടും. പിഎസ്ജിയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ഹാര്‍വി എലിയറ്റിന്റെ ഒറ്റഗോളിനാണ് ജയിച്ചത്.

ബയേണ്‍ മ്യുണിക്ക് മുന്ന് ഗോള്‍ ലീഡുമായി നാട്ടുകാരായ ബയര്‍ ലെവര്‍ക്യുസനുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ ഹാരി കെയ്ന്‍ ഇരട്ടഗോളും ജമാല്‍ മുസ്യാലയുടെ ഗോളുമാണ് ബയേണിന് വ്യക്തമായ മേല്‍ക്കൈ നല്‍കിയത്. മുന്ന് മത്സരങ്ങളും തുടങ്ങുക രാതി ഒന്നരയ്ക്ക്. റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍ ടീമുകള്‍ നാളെ ഇറങ്ങും.