ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ എൽഡിഎഫിൽ നിന്ന് പുറത്താക്കി.
റാന്നി: ബിജെപി അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി. എൽഡിഎഫ് നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. ഇടതുപക്ഷം പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് മാണി വിഭാഗം അംഗം ശോഭ ചാർളിക്ക് ബിജെപി അംഗങ്ങളും വോട്ട് ചെയ്തു.
സംസ്ഥാന വ്യാപകമായി വിഷയം ചർച്ചയായതോടെ സിപിഎം നേതൃത്വം ഇടപെട്ടു. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. പക്ഷെ കേരള കോൺഗ്രസ് ശോഭയോട് രാജി ആവശ്യപ്പെട്ടില്ല. ഇതോടെയാണ് അഞ്ച് അംഗങ്ങളുളള എൽഡിഎഫ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ശോഭ ചാർളിയെ പുറത്തിക്കിയത്.
എൽഡിഎഫ് പഞ്ചായത്ത് കൺവീനർ ടി എൻ ശിവൻകുട്ടി ഇത് സംബന്ധിച്ച് ഒറ്റവരിയുള്ള ഒദ്യോഗിക പ്രസ്താവനയും ഇറക്കിക്കി. അതേസമയം പുറത്താക്കിയ വിവരം അറിയില്ലെന്നാണ് ശോഭ ചാർളിയുടെ പ്രതികരണം. ശോഭയെ മാത്രം പുറത്താക്കിയുള്ള എൽഡിഎഫ് നിലപാട് കണ്ണിൽ പൊടി ഇടുന്നതാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി.