വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
റാസല്‍ഖൈമ: യുഎഇയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാകിസ്താനി ദമ്ബതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്.
പഴയ റാസല്‍ഖൈമയിലെ സെദ്രോ പ്രദേശത്താണ് സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു.
തുണി അലക്കാൻ വേണ്ടിയായിരുന്നു വെള്ളം ബക്കറ്റില്‍ നിറച്ചു വെച്ചിരുന്നത്. ഇത് അടുക്കളയില്‍ വെച്ച ശേഷം ഭാര്യ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കുട്ടി ആരും അറിയാതെയാണ് അടുക്കളയിലേക്ക് കയറിയത്. ഈ സമയം താൻ വെള്ളിയാഴ്ച നമസ്കാരത്തിനായി പുറത്തേക്ക് പോയിരിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. സാധാരണയായി ഭാര്യ ബക്കറ്റ് അടപ്പ് കൊണ്ട് മൂടി വെക്കുമായിരുന്നു. എന്നാല്‍, അന്ന് മൂടി വെക്കാൻ മറന്നുപോയെന്നും പറയുന്നു. ഭാര്യയില്ലാതിരുന്നപ്പോള്‍ അടുക്കളയില്‍ കയറിയ കുട്ടി ബക്കറ്റിലേക്ക് വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.
പാകിസ്താനിയായ മുഹമ്മദ് അലിയാണ് പിതാവ്. ദമ്ബതികളുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയ കുട്ടിയായിരുന്നു മരിച്ച അബ്ദുല്ല മുഹമ്മദ്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് കൈമാറിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും വീട്ടിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും റാസല്‍ഖൈമ അധികൃതർ ആവശ്യപ്പെട്ടു.