എം.കെ മുനീറും കെ.എം ഷാജിയും പൊതു പ്രവർത്തനം അവസാനിപ്പിക്കണം-അഡ്വ:ഷമീർ പയ്യനങ്ങാടി.


മലപ്പുറം : ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും വാങ്ങേണ്ടി വന്നാൽ അന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളി നടത്തിയ എം.കെ.മുനീറും കെ.എം ഷാജിയും ജമാഅത്തെ അമീറിനെ കണ്ട് യുഡിഎഫ് കൺവീനർ പിന്തുണ തേടുകയും വെൽഫെയർ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കാൻ ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിൽ പൊതു പ്രവർത്തനമവസാനിപ്പിക്കണമെന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് വിഭജനം അടക്കം പൂർത്തിയാക്കിയിരിക്കുന്നു. മുസ്ലിം ലീഗിൻറെ വെൽഫെയർ പാർട്ടി ബന്ധത്തെ തള്ളിപ്പറയുന്ന സമസ്ത ഇ കെ വിഭാഗം ജമാഅത്ത് ബന്ധത്തിൽ നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് ആയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമസ്തയിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. എം കെ മുനീറും കെ എം ഷാജിയും മുസ്ലിം ലീഗിൽ ശബ്ദമില്ലാത്ത കുടിയന്മാരായ നേതാക്കന്മാർ ആണെന്നും അദ്ദേഹം പറഞ്ഞു.