ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു;
ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് വനിത നേതാവ്.
പാലക്കാട്:നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാർട്ടിയിൽ ലഭിക്കില്ലെന്ന് വനിത നേതാവ് എൽ. പ്രകാശിനി പറഞ്ഞു. പ്രദേശിക തലത്തിൽ വരെ ബിജെപി നേതാക്കൾ വൻ അഴിമതി നടക്കുന്നുണ്ടെന്നും രാജിവച്ചവർ പറയുന്നു. അതേ സമയം, ശോഭാ സുരേന്ദ്രൻ വിഷയത്തിൽ ഇന്നും പ്രതികരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തയാറായില്ല.
ബിജെപി നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ അനുകൂലികളുടെ പാർട്ടിയിൽ നിന്നുള്ള രാജി. ആലത്തൂർ നിയോജക വൈസ് പ്രസിഡന്റും ,മുൻ ജില്ലാ കമ്മറ്റി അംഗവുമായ എൽ.പ്രകാശിനി, ഒബിസി മോർച്ച നിയോജക മണ്ഡലം ട്രഷറർ കെ.നാരായണൻ, മുഖ്യശിക്ഷക് ആയിരുന്ന എൻ.വിഷ്ണു എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും ലഭിക്കില്ലെന്നും ബിജെപിയിൽ സ്ത്രീകൾക്ക് യാതെരു പരിഗണയും ലഭിക്കുന്നില്ലെന്നും എൽ പ്രകാശിനി പറഞ്ഞു.
വൻകിടകാരിൽ നിന്നും പണം വാങ്ങി ജനകീയ സമരത്തിൽ വരെ ഒത്തുതീർപ്പ് നടത്തുകയാണ് ബിജെപി പ്രദേശിക നേതാക്കൾ ചെയ്യുന്നതെന്നും രാജിവച്ചവർ പറയുന്നു. എന്നാൽ, ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്നും തയാറായില്ല. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന നിരവധി പേർ അടുത്ത ദിവസങ്ങളിൽ പാർട്ടിയിൽ നിന്നും രാജിവേച്ചേക്കുമെന്നാണ് സൂചന.