അയല്‍വാസിയായ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍.

മലപ്പുറം : കോഡൂർ പഴമള്ളൂര്‍ തേറാട് രാമംപറമ്പിലെ കുരുണിയന്‍ വീട്ടില്‍ ആസിഫാണ് പൊലീസ് പിടിയിലായത്. ഈ മാസം 29ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. അയല്‍വാസികളായ കുറുന്തല വീട്ടില്‍ ശരണ്‍, ജേഷ്ഠന്‍ ശരത്ത് ലാല്‍ എന്നിവരെയാണ് പ്രതി കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.

പരാതിക്കാരുടെ അമ്മയെ തേറാട് രാമംപറമ്പില്‍ വെച്ച് പ്രതി ആസിഫ് കല്ലെടുത്ത് എറിഞ്ഞിരുന്നു. ഇത് ചോദിക്കാന്‍ ചെന്നതോടെ സഹോദരങ്ങളെ പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ശരണിന്‍റെ ഇടത് നെഞ്ചിനും ഇടതു കൈയുടെ റിസ്റ്റിനും കുത്ത് തടയാനെത്തിയ ജേഷ്ഠന്‍ ശരത്ത് ലാലിന്‍റെ ഇടതു കൈയുടെ ചൂണ്ടു വിരലിനുമാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. എസ്ഐ സംഗീത് പുനത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.