വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി മമ്മൂട്ടി: സ്വന്തം വികസനം ആദ്യം നടപ്പിലാക്കിയിട്ട് മതി മറ്റുള്ളവരെ വിമര്‍ശിക്കല്‍

മലയാള സര്‍വകലാശാല ഭൂമിയുടെ ലാഭ തുക മാത്രമുണ്ടെങ്കില്‍ പാലങ്ങളുടെ നിര്‍മ്മാണവും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കാമായിരുന്നെന്നും എംഎല്‍എയുടെ വിമര്‍ശനം

https://fb.watch/1zAxwsfF-h/   ഫേസ്ബുക്ക് ലൈവ് കാണാം

തിരൂര്‍: വി അബ്ദുറഹ്മാന്‍ എംഎല്‍എക്ക് മറുപടിയുമായി സി മമ്മൂട്ടി എംഎല്‍എ. തിരൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അബ്ദുറഹ്മാനെതിരെ സി മമ്മൂട്ടി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ബുധനാഴ്ച വി അബ്ദുറഹ്മാന്‍ വാര്‍ത്താ സമ്മേളനത്തിനിടെ, തിരൂരിലെ പാലങ്ങള്‍തുറക്കാത്തത് സംബന്ധിച്ച് സി മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സി മമ്മൂട്ടി പ്രതികരിച്ചത്.

നിയമസഭാ സാമാജികര്‍ ചില മര്യാദകളും മാന്യതകളും കാത്തു സൂക്ഷിക്കാറുണ്ട്. അബ്ദുറഹ്മാന്റെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമില്ലാത്തതുകൊണ്ടല്ല, പക്ഷെ അത് പറയാറില്ല. അദ്ദേഹത്തിന്റെ സംസ്‌ക്കാരമനുസിച്ചായിരിക്കാം പറഞ്ഞതെന്നും അബ്ദുറഹ്മാന്റെ ആരോപണത്തിന് മറുപടിയായി സി മമ്മൂട്ടി പ്രതികരിച്ചു. അബ്ദുറഹ്മാന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും പുതിയ എംഎല്‍എ ആയതുകൊണ്ട് അറിവില്ലാഞ്ഞിട്ടാകുമെന്നും സി മമ്മൂട്ടി പറഞ്ഞു.
കിഫ്ബിയുടെ ഫണ്ടാണ് താഴേപ്പാലം കടലുണ്ടി റോഡ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് താഴേപ്പാലം പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. അപ്രോച്ച് റോഡിനുള്ള തടസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കിഫ്ബി റോഡില്‍ ഉള്‍പ്പെടുത്തി അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനും പ്രോപ്പോസല്‍ നല്‍കി. തുടര്‍ന്ന് പലതവണ ഇടപെടലുണ്ടായി കലക്ട്രേറ്റില്‍ യോഗം നടന്നു. ഉദ്യോഗസ്ഥരും സര്‍ക്കാറുമാണ് ഇതിലെ കുറ്റക്കാര്‍. ഒരു കഥയും അറിയാതെ അബ്ദുറഹ്മാന്‍ ഓരോന്ന് വിളിച്ചു പറയുന്നത് ശരിയായ നടപടിയല്ല.
താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എയായിരുന്നപ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് താനൂര്‍ ഗവണ്‍മെന്റ് കോളേജിന് അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ വി അബ്ദുറഹ്മാന്‍ വന്നപ്പോള്‍ ഇവിടെ കോളേജ് കെട്ടിട നിര്‍മ്മാണം നടത്താതെ, സിംഗപ്പൂര്കാരന്റെ അഞ്ച് ഏക്കര്‍ കച്ചവടമാക്കണം എന്ന് പറഞ്ഞ് അങ്ങോട്ടു പോവുകയാണ് ചെയ്തത്. ഇതില്‍ ജനങ്ങള്‍ ക്ഷുഭിതരാവുകയും, ഒടുവില്‍ പദ്ധതി സ്റ്റേ ചെയ്യുന്നതിലേക്കും എത്തി. ഒരു കെട്ടിടവും നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയിട്ടുള്ള ഭൂമിയാണ് 1,50,000 രൂപ ലാഭമെടുത്ത് ഇവര്‍ മലയാള സര്‍വകലാശാലക്ക് വേണ്ടി സര്‍ക്കാറില്‍ വച്ചിട്ടുള്ളത്. തന്റെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കച്ചടവടത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് ഇതിലൂടെ വി അബ്ദുറഹ്മാന്‍ ചെയ്തത്. ഈ ലാഭ തുക മാത്രമുണ്ടെങ്കില്‍ പാലങ്ങളുടെ നിര്‍മ്മാണവും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കാമായിരുന്നു. ഞങ്ങളുടെ മര്യാദയനുസരിച്ചാണ് കൂടുതല്‍ വിമര്‍ശനം ഉന്നയിക്കാതിരിക്കുന്നതെന്നും സി മമ്മൂട്ടി എംഎല്‍എ വ്യക്തമാക്കി. യുഡിഎഫ് ചെയ്യേണ്ടതെല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇവിടെ പൂര്‍ത്തീകരിച്ചു. അതില്‍പ്പെട്ടതാണ്, മലയാള സര്‍വകലാശാലയും കാട്ടിലങ്ങാടി എയ്ഡഡ് കോളേജുമെല്ലാം. ഓരോ എംഎല്‍എയും അവരവരുടെ കാഴ്ചപ്പാടിനനുസരിച്ച് വികസനങ്ങള്‍ നടപ്പാക്കണം. രാഷ്ട്രീയത്തിനാധീതമായുള്ള വികസന പദ്ധതികള്‍ക്കാണ് താന്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും സി മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.