രാത്രി ഉറക്കത്തിൽ കഴുത്തിൽ അമ്മയുടെ മുടി കുരുങ്ങിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ 

 

 

തിരൂർ: മലപ്പുറം താനൂർ സ്വദേശിയും ദുബൈയിൽ ഉദ്യോഗസ്ഥനുമായ അസിയുടെയും, ഭാര്യ ഷെഹിയുടെയും മകൾ ഒരുവയസ്സുള്ള ഷസയാണ് മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുബൈയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. അസിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ്. രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത്. ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട്. ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ്. ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് .

 

അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല .

 

ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ

 

എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു .

 

ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ‌ ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച്‌ മുടി മുറിക്കേണ്ടി വന്നു .

 

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചി ലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.