എല്ലാം ശിവശങ്കരന് അറിയാമായിരുന്നു.

സ്വപ്‌നയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ലോക്കറിലുണ്ടായിരുന്ന പണം ലൈഫ് മിഷനിലെ കമ്മീഷന്‍ പണമാണെന്നും വിജിലന്‍സ് സ്ഥിരീകരിച്ചു.

എം. ശിവശങ്കറിനെ കുടുക്കി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി. എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി വിജിലന്‍സിനാണ് സ്വപ്‌നാ സുരേഷ് നല്‍കിയത്. കമ്മീഷന്‍ ഇടപാട് അടക്കം വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എം. ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റ് ജനറലിനും കമ്മീഷന്‍ ലഭിച്ചെന്ന് മൊഴിയുണ്ട്. സ്വപ്‌നയുടെ ലോക്കറുകളില്‍ കണ്ടെത്തിയ പണം ലൈഫിലെ കോഴയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

 

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നിര്‍ണായക മൊഴികള്‍. എം. ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം. ആര്‍ക്കൊക്കെ കമ്മീഷന്‍ നല്‍കി, എത്ര പണം നല്‍കി, യുണീടാക്കിന് കരാര്‍ എങ്ങനെ ലഭിച്ചു എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന വിജിലന്‍സിന് മൊഴി നല്‍കി.

 

 

സ്വപ്‌നയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ചേര്‍ന്ന് സൂക്ഷിച്ചിരുന്ന ലോക്കറിലുണ്ടായിരുന്ന പണം ലൈഫ് മിഷനിലെ കമ്മീഷന്‍ പണമാണെന്നും വിജിലന്‍സ് സ്ഥിരീകരിച്ചു. 2019 ഓഗസ്റ്റ് രണ്ടിന് 3.80 കോടി രൂപ സ്വപ്‌നാ സുരേഷ് ഖാലിദിന് കൈമാറി. ഇതില്‍ നിന്ന് ഒരുകോടി അന്‍പതിനായിരം രൂപ സ്വപ്‌നയ്ക്ക് തിരികെ നല്‍കി. ഓഗസ്റ്റ് ആറിന് ഈ തുക രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലെ എസ്ബിഐ സിറ്റി ബാങ്ക് ലോക്കറില്‍ അറുപത്തിനാല് ലക്ഷം രൂപ സൂക്ഷിച്ചു. ഫെഡറല്‍ ബാങ്കില്‍ മുപ്പത്തിയാറ് ലക്ഷത്തി അന്‍പതിനായിരം രൂപ സൂക്ഷിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തി.