എല്‍ ഡി എഫ് പ്രതിഷേധ കൂട്ടായ്മ 16 ന്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണത്തിന്റെ മറവില്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ.

മലപ്പുറം : വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണത്തിന്റെ മറവില്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ ഭരണം തുറന്നു കാട്ടാനും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ബി ജെ പി കൂട്ടുകെട്ട് തുറന്നു കാണിക്കുന്നതിനുമായി നവംബര്‍ 16 ന് ബൂത്ത് തലത്തില്‍ വെകീട്ട് 5 മുതല്‍ 6 വരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇടതു മുന്നണി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നൂറില്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിച്ചായിരിക്കും പ്രതിഷേധ കൂട്ടായ്മ നടത്തുക.

എല്‍ ഡി എഫ് നേതാക്കള്‍, മന്ത്രിമാര്‍, എം എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി കെ കൃഷ്ണദാസ്, പി. സുബ്രഹ്മണ്യന്‍, (സിപിഐ), വി പി അനില്‍, (സിപിഎം), അഡ്വ. പി എം സഫറുള്ള, പി. മുഹമ്മദാലി ( ജനതാദള്‍), ടി എന്‍ ശിവശങ്കരന്‍, കെ പി രാമനാഥന്‍ (എന്‍സിപി), കവറൊടി മുഹമ്മദ് മാസ്റ്റര്‍ ( കോണ്‍. എസ്), സബാഹ് പുല്‍പ്പറ്റ (എല്‍ ജെ ഡി ), അന്‍വര്‍ സാദത്ത്, അബ്ദുസമദ് ( ഐ എന്‍ എല്‍), ജോണി പുല്ലന്താണി, അഡ്വ. ജെയ്‌സണ്‍ ജോസഫ്, സാബു പി ജോസഫ് ( കേരള കോണ്‍. മാണി), നാസര്‍ കൊട്ടാരത്തില്‍ (കേരള കോണ്‍ ബി) എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിലേക്ക് 22 ഡിവിഷനില്‍ സിപിഎമ്മും, 4 ഡിവിഷനില്‍ സിപിഐ യും, ഐഎന്‍എല്‍ -2, എന്‍ സി പി -1, ജനതാദള്‍ (എസ്)-1, എല്‍ ജെഡി -1, കേരള കോണ്‍-എം -1 എന്നീ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നവംബര്‍ 21, 22 തിയ്യതികളില്‍ നടത്താനും തീരുമാനിച്ചു.സിപിഐ നേതാവ് ടി കെ സുന്ദരന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.