അതിഥി തൊഴിലാളികൾ തിരിച്ചുവന്നിട്ടും നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിപ്പിച്ച കൂലി കുറയുന്നില്ല.

തിരൂര്‍: മൂന്നു മാസത്തോളമായി നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ വലിയ ക്ഷാമമായിരുന്നു. ഇതു മുതലെടുത്താണ് മലയാളി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചത്. ഒരുദിവസത്തെ കൂലിയില്‍ മാത്രം 200 മുതല്‍ 300 രൂപ വരെ വര്‍ദ്ധിച്ചു. തൊഴില്‍ കൂലിക്കൊപ്പം നിര്‍മ്മാണ വസ്തുക്കള്‍ക്ക് കൂടി വില വര്‍ദ്ധിച്ചതോടെ കൊവിഡില്‍ പാതിനിലച്ച നിര്‍മ്മാണ പ്രവൃത്തികള്‍ പുനഃരാരംഭിച്ചവരും പുതുതായി വീട് നിര്‍മ്മാണം തുടങ്ങിയവരും വലിയ പ്രതിസന്ധിയിലാണ്. ജില്ലയില്‍ നിന്ന് അരലക്ഷത്തോളം തൊഴിലാളികള്‍ മടങ്ങിയതായാണ് തൊഴില്‍ വകുപ്പിന്റെ കണക്ക്.
മൂന്നാഴ്ചയോളമായി തൊഴിലാളികളുടെ മടങ്ങിവരവ് കൂടിയിട്ടുണ്ട്. കൊവിഡിന് മുമ്ബുള്ള നിരക്കില്‍തന്നെ ഇവര്‍ ജോലി ചെയ്യാന്‍ തയ്യാറാവുന്നുണ്ട്. കൊവിഡിന് മുമ്ബ് സെന്‍ട്രിംഗ് ജോലികള്‍ക്ക് മലയാളി തൊഴിലാളികള്‍ക്ക് 900 മുതല്‍ ആയിരം രൂപ വരെയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 700 രൂപയുമായിരുന്നു കൂലി.
ഇതിപ്പോള്‍ മലയാളി തൊഴിലാളികള്‍ക്ക് 1,?200 രൂപയാണ്. ഹെല്‍പ്പര്‍മാരുടേത് 600ല്‍ നിന്ന് 800 രൂപയായി.
ടൈല്‍ ജോലികളില്‍ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ്. സ്‌ക്വയര്‍ഫീറ്റിന് 12 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നതെങ്കില്‍ കൊവിഡിന് ശേഷം മലയാളി തൊഴിലാളികള്‍ 19 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.