എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.

‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്നതാണ് മുദ്രാവാക്യം.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്നതാണ് മുദ്രാവാക്യം. ക്ഷേമ പെൻഷൻ 1500 രൂപയാക്കി ഉയർത്തും. ലൈഫിലൂടെ 5 ലക്ഷം പേർക്ക് കൂടി വീട് ലഭ്യമാക്കും. ദാരിദ്രനിർമാർജനത്തിന് പ്രത്യേക മാസ്റ്റർപ്ളാൻ. 10 ലക്ഷം പേർക്ക് തൊ‍ഴിൽ നൽകുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

 

തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്ത് ലക്ഷം പേർക്ക് തൊ‍ഴിൽ നൽകും. കാർഷിക – കാർഷികേതര മേഖലയിലാകും തൊ‍ഴിലവസരങ്ങൾ സൃഷ്ടിക്കുക. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നരലക്ഷമാക്കും. ഇൗ സംഘങ്ങൾക്ക് കാർഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും. തൊ‍ഴിലുറപ്പ് പദ്ധതിയിൽ 3 ലക്ഷം പേർക്ക് കൂടി തൊ‍ഴിൽ നൽകും. ജനുവരി ഒന്നുമുതൽ ക്ഷേമ പെൻഷനുകൾ 1500 രൂപയാക്കി ഉയർത്തുമെന്നും എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു

2021 ജനുവരി ഒന്നിന് തൊ‍ഴിലുറപ്പ് തൊ‍ഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരും. അയ്യങ്കാളി തൊ‍ഴിലുറപ്പ് പദ്ധതി സമഗ്രമായി പരിഷ്കരിക്കും.സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയം പര്യാപ്തത നേടും. ദാരിദ്ര നിർമാർജനത്തിന് മാസ്റ്റർ പ്ളാൻ. പട്ടിണി ഇല്ലാത്ത കേരളം നടപ്പാക്കും. ലൈഫ് പദ്ധതിയിൽ 5 ലക്ഷം പേർക്ക് കൂടി വീട് ലഭ്യമാക്കും. ഇതിലൂടെ ഭവനരഹിതരില്ലാത്ത കേരളം നടപ്പാക്കും.

 

ആരോഗ്യ പരിരക്ഷ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും.കൊവിഡ് വാക്സിൻ ഫലപ്രദമായി ജനങ്ങൾക്ക് ലഭ്യമാക്കും. അടുത്ത 5 വർഷം കൊണ്ട് സമ്പൂർണ ശുചിത്വം നടപ്പാക്കും. സ്ത്രീകളുടെ പദവി ഉയർത്താനുതകുന്ന കൂടുതൽ പദ്ധതികൾ ഉറപ്പുവരുത്തും. അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ക്ഷേമ പ്രവർത്തനത്തിന് വരെ കൂടുതൽ ഉൗന്നൽ നൽകുന്നു പ്രകടനപത്രിക. കിഫ്ബിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചന, അതിനെതിരെയുള്ള വിധിയെ‍ഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പെന്നും പ്രകടനപത്രിക പുറത്തിറക്കി എ.വിജയരാഘവൻ വ്യക്തമാക്കി.